Skip to main content

കൂൺഗ്രാമം പദ്ധതി: രണ്ടാംഘട്ടം ജില്ലയിൽ നടപ്പാക്കുന്നത് നാലു നിയോജക മണ്ഡലങ്ങളിൽ

 കൂൺകൃഷിയിലേക്ക് കർഷകരെയും ബിസിനസ് സംരംഭകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട്  സംസ്ഥാന കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന സമഗ്ര കൂൺ ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയിൽ നടപ്പാക്കാനൊരുങ്ങി ഹോർട്ടികൾച്ചർ മിഷൻ. വൈക്കം, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി എന്നീ നാലു നിയോജകമണ്ഡലങ്ങളെയാണ് രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത്്.
 പോഷകസുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിൽ കൂണിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയാണ് കൂൺഗ്രാമം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 50 നിയോജകമണ്ഡലങ്ങളിലാണ് രണ്ടാംഘട്ടം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 20 നിയോജകമണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്.
 കടുത്തുരുത്തി ബ്ലോക്കിലാണ് കോട്ടയം ജില്ലയിൽ കൂൺഗ്രാമം പദ്ധതി തുടങ്ങിയത്. ഇത് വിജയം കൈവരിച്ചതോടെയാണ് പദ്ധതി മറ്റു നിയോജകമണ്ഡലത്തിലേക്കും വ്യാപിപ്പിക്കുന്നത്. ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണം, കർഷക കുടുംബങ്ങളുടെ ഉപജീവനത്തിന് അധികവരുമാനം, പോഷകസുരക്ഷ എന്നിവയ്‌ക്കൊപ്പം, ഒരു ബിസിനസ് സംരംഭം എന്ന രീതിയിൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുകകൂടി ലക്ഷ്യമിട്ടാണ് 'രാഷ്ട്രീയ കൃഷി വികാസ് യോജന' പ്രകാരം സംസ്ഥാനമൊട്ടാകെ 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകിയത്. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളും രണ്ട് വൻകിട കൂൺ ഉത്പാദന യൂണിറ്റുകളും ഒരു കൂൺ വിത്തുൽപാദന യൂണിറ്റും മൂന്ന് കൂൺ സംസ്‌കരണ യൂണിറ്റുകളും രണ്ട് പായ്ക്കിങ് ഹൗസുകളും 10 കമ്പോസ്റ്റ് ഉൽപാദന യൂണിറ്റുകളും പരിശീലന പരിപാടികളും ചേർന്നതാണ് ഒരു സമഗ്ര കൂൺഗ്രാമം പദ്ധതി. 20 നിയോജകമണ്ഡലങ്ങളിൽപ്പെട്ട ഓരോ കാർഷിക ബ്ലോക്കുകളിലാണ് കൂൺഗ്രാമം ആദ്യഘട്ടപദ്ധതിക്ക് കഴിഞ്ഞവർഷം തുടക്കമിട്ടത്.

date