Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,67,31,509 പേർ

* 5,79,835 പേർ പുതുതായി പട്ടികയിൽ
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ 2,67,31,509 വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കരട് വോട്ടർപട്ടികയിൽ 2,63,08,087 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽനിന്ന് ഇരട്ടിപ്പ്, മരിച്ചവർ, താമസം മാറിയവർ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. പുതുതായി 5,79,835 പേരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ പട്ടികയിൽ 1,37,79,263 സ്ത്രീ വോട്ടർമാരും 1,29,52,025 പുരുഷവോട്ടർമാരും 221 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.
ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്- 3,21,49,43 പേർ. കുറവ് വോട്ടർമാരുള്ള ജില്ല വയനാടാണ്- 6,07,068 പേർ. കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ലയും മലപ്പുറമാണ്- 16,07,004 പേർ. കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാരുള്ളത് തിരുവനന്തപുരത്താണ്- 57 പേർ.
80 വയസിനു മുകളിൽ പ്രായമുള്ള 6,21,401 വോട്ടർമാരുണ്ട്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 1,33,005 പേർ വോട്ടർപട്ടികയിലുണ്ട്. 56,759 സർവീസ് വോട്ടർമാരും 90,709 എൻ.ആർ.ഐ വോട്ടർമാരുമാണ് പുതുക്കിയ പട്ടികയിലുള്ളത്. കൂടുതൽ എൻ.ആർ.ഐ വോട്ടർമാർ കോഴിക്കോട്ടാണുള്ളത്- 34,216 പേർ. 18-19 പ്രായത്തിലുള്ള കന്നിവോട്ടർമാരുടെ എണ്ണം 2,99,258 ആണ്. കൂടുതൽ കന്നിവോട്ടർമാരുള്ളത് കോഴിക്കോട്ടാണ്- 40,867.
2020 ലെ വോട്ടർപട്ടികപ്രകാരം ജനസംഖ്യയുടെ 75.73 ശതമാനമായിരുന്നു വോട്ടർമാർ. ഇത്തവണ അത് 76.55 ശതമാനമായി ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ 25,041 പോളിംഗ് സ്റ്റേഷനുകളുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 1000 വോട്ടർമാരായിരിക്കും ഒരു പോളിംഗ് സ്റ്റേഷനിലുണ്ടാവുക. 1000ൽ കൂടുതൽ വരുന്ന പോളിംഗ് സ്റ്റേഷനുകൾക്ക് ഓക്സിലറി പോളിംഗ് സ്റ്റേഷനുകൾ രൂപീകരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 15,730 ഓക്സിലറി പോളിംഗ് സ്റ്റേഷനുകൾ കൂടി ക്രമീകരിക്കും. ഇതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആകും.
പുതുക്കിയ വോട്ടർപട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും  (www.ceo.kerala.gov.in), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) മാരിൽനിന്നും പരിശോധിക്കാവുന്നതാണ്.
വോട്ടർപട്ടികയിൽ പേര് ചേർക്കാനും വോട്ടർമാർക്ക് അനുവദനീയമായ മാറ്റങ്ങൾ വരുത്താനും www.nvsp.in ലൂടെ ഓൺലൈനായി ഇനിയും അപേക്ഷിക്കാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ജനുവരി ഒന്നുമുതൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് യോഗ്യമായവ തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക പിൻവലിക്കാനുള്ള തീയതിക്ക് 10 ദിവസം മുമ്പ് സപ്ലിമെന്ററി പട്ടികയായി പ്രസിദ്ധീകരിക്കും.
വോട്ടർപട്ടിക പരിശോധിച്ച് പേര് ഉണ്ടെന്ന് സമ്മതിദായകർ ഉറപ്പുവരുത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർഥിച്ചു.
പി.എൻ.എക്സ്. 360/2021

date