Skip to main content

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ സമാപിക്കുന്നില്ല : ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ , ലഹരിയില്ലാ തെരുവ്: ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ഗ്രാമങ്ങളിലും നഗരങ്ങളിലും ലഹരി മാഫിയ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടങ്ങൾ അവസാനിക്കുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്. സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിമുക്തി മിഷൻ സംഘടിപ്പിക്കുന്ന 'ലഹരിയില്ലാ തെരുവ് ' ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമുക്തി മിഷന്റെ നേതൃത്വത്തിലുള്ള ലഹരി വിമുക്ത പ്രവർത്തനങ്ങൾ രണ്ട് ഘട്ടം പിന്നിടുമ്പോൾ സ്കൂൾ, കോളേജ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ പെട്ട ആളുകളെ ഉൾപെടുത്താൻ സാധിച്ചിട്ടുണ്ട്. ലഹരിക്കെതിരെ ഗോൾ ചലഞ്ച് ഉൾപ്പടെ സംഘടിപ്പിച്ചു കഴിഞ്ഞു. എല്ലാ ആളുകളിലേക്കും ലഹരി വിരുദ്ധ സന്ദേശങ്ങൾ എത്തുന്നത് വരെ ഈ പ്രവർത്തനങ്ങൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ടി. ജെ വിനോദ് എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ വി.വി പ്രവീൺ, മധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ പി.കെ സനു, ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ.ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 

 ലഹരി വിരുദ്ധ  സന്ദേശം ഉയർത്തി വൈവിധ്യമാർന്ന  കലാപരിപാടികൾ  തെരുവിൽ അരങ്ങേറി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദീപ ശിഖാ പ്രയാണവും സംഘടിപ്പിച്ചു. ഫ്ലാഷ് മോബ്, സ്കിറ്റ്,  തെരുവുനാടകം, നൃത്തശില്പം, ചിത്രരചന, ചെസ്സ് മത്സരം എന്നീ പരിപാടികളിൽ നൂറോളം വിദ്യാർത്ഥികൾ പങ്കാളികളായി.

date