Skip to main content

അജൈവ മാലിന്യ സംസ്കരണത്തിൽ ഹരിതകർമസേനയുടെ പ്രവർത്തനം ശ്ലാഘനീയം: മന്ത്രി വി. അബ്ദുറഹിമാൻ

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

 

സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണത്തിൽ ഹരിതകർമസേനയുടെ പ്രവർത്തനം ശ്ലാഘനീയമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. നവകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം തിരൂർ വെട്ടം പഞ്ചായത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത കർമസേനയുടെ പ്രവർത്തനങ്ങളിലൂടെ മാലിന്യത്തിൻ്റെ തോത് കുറക്കാനായിട്ടുണ്ടെങ്കിലും വലിച്ചെറിയൽ രീതി കൂടി ഒഴിവാക്കാനായാലേ മാലിന്യമുക്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാവൂ എന്ന് മന്ത്രി പറഞ്ഞു. ഇതിനായി സ്കൂൾ തലം മുതൽ ശരിയായ മാലിന്യ നിർമാർജന രീതികൾ കുട്ടികളിലെത്തിക്കണം. ക്രമേണ കുട്ടികളിലൂടെ തന്നെ തെറ്റായ മാലിന്യ നിർമാർജന രീതികൾക്ക് തടയിടാനാവും. മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാതെ വന്നാൽ അത് മനുഷ്യരാശിക്ക് തന്നെ അപകടകരമാണെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മാലിന്യത്തിൽ നിന്ന് സ്വാതന്ത്യം - ഘട്ടം 2 എന്ന രീതിയിൽ കേരളത്തിൽ മുഴുവൻ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും വൻജനപങ്കാളിത്തത്തോടെ നടത്തുന്ന പൊതുയിട ശുചീകരണ പ്രവർത്തനത്തോട് കൂടിയാണ് വലിച്ചെറിയിൽ മുക്ത ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ശുചീകരണ പരിപാടി നടത്തുന്നത്.

വെട്ടം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു. സൈനുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. നവ കേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ടി.വി.എസ് ജിതിൻ പദ്ധതി വിശദീകരിച്ചു. വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നെല്ലാഞ്ചേരി, വൈസ് പ്രസിഡൻ്റ് രജനി മുല്ലയിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉസ്മാൻ തൈവളപ്പിൽ, ആയിഷ, കെ. റിയാസ് ബാബു, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ഹൈദ്രോസ്, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ എം.മണി, പഞ്ചായത്ത് സെക്രട്ടറി സുധീർ എന്നിവർ സംസാരിച്ചു.

 

date