Skip to main content

74ാം റിപ്പബ്ലിക് ദിനാഘോഷം: ഇന്ത്യൻ ഭരണഘടന രാജ്യത്തിന്റെ ചാലക ശക്തി-മന്ത്രി കെ. രാധാകൃഷ്ണൻ 

ഭരണഘടന ശിൽപി ഡോ. ബി ആർ അംബേദ്കർ പറഞ്ഞത് പോലെ രാജ്യത്തിന്റെ ചാലക ശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനയ്ക്ക് കഴിയുന്നതായി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന രാജ്യത്തിന്റെ 74ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ  ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച  ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ജാതിയിലും മതത്തിലും പ്രദേശത്തിലും പെട്ട ആളുകൾ ഒന്നാണ് എന്ന സന്ദേശത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോവുന്നത്. അതിന് വിരുദ്ധമായ സമീപനം സ്വീകരിച്ചാൽ നമ്മുടെ രാജ്യത്തിന്റെ മതേതരത്വവും സൗഹാർദവുമെല്ലാം നഷ്ടപ്പെടും എന്ന തിരിച്ചറിവ് ഉണ്ടാകേണ്ട സമയമാണിത്. ജനാധിപത്യവും ഫെഡറിലസവും നിലനിർത്തി ഓരോ മനുഷ്യരും സമന്മാർ ആണെന്ന സങ്കല്പം നമുക്ക് മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്. ആ സങ്കല്പം മുറുകെ പിടിച്ചു മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ രാജ്യം വലിയ അപകടത്തിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.  വിവിധ സേനാ വിഭാഗങ്ങൾ, വിദ്യാർത്ഥി കേഡറ്റുകൾ എന്നിവരുടെ പരേഡ് മന്ത്രി പരിശോധിച്ചു.
വിശിഷ്ടാതിഥികളായി പങ്കെടുത്ത പത്മശ്രീ ജേതാക്കളായ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ പയ്യന്നൂരിലെ വി പി അപ്പുക്കുട്ട പൊതുവാൾ, കളരിപ്പയറ്റ് ആചാര്യൻ കണ്ണൂർ ചിറക്കലിലെ എസ് ആർ ഡി പ്രസാദ് എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പരേഡിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കും മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥർക്കും മന്ത്രി ഉപഹാരം നൽകി.
ചടങ്ങിൽ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി  മോഹനൻ, എം എൽ എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത്‌  പ്രസിഡന്റ്‌ പി പി ദിവ്യ, വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ള പൊതുജനങ്ങൾ പങ്കെടുത്തു.
ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ എന്നിവരും പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.  സെറിമോണിയൽ പരേഡിൽ ചക്കരക്കൽ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി  കമാൻഡറായി. 
കെ എ പി നാലാം ബറ്റാലിയൻ, സിറ്റി പോലീസ്, റൂറൽ പോലീസ്, വനിതാ പോലീസ് പ്ലാറ്റൂണുകൾ,  ജയിൽ, എക്‌സൈസ്, എൻസിസി, എസ്പിസി, ജൂനിയർ റെഡ് ക്രോസ് ഉൾപ്പെടെ 36 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.
  കണ്ണൂർ ഡി എസ് സി സെന്റർ ബാൻഡ് ട്രൂപ്പിനൊപ്പം 
സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ, കടമ്പൂർ എച്ച് എസ് എസ് കടമ്പൂർ വിദ്യാർത്ഥികളും ക്യാപ്സ് സ്പെഷ്യൽ സ്കൂൾ മേലെ ചൊവ്വ മട്ടന്നൂർ കുടുംബശ്രീ ബഡ്‌സ് സ്കൂൾ ഭിന്നശേഷി വിദ്യാർത്ഥികളും ബാൻഡ് മേളം അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പത്തോളം ഫ്‌ളോട്ടുകൾ  പരേഡിനെ ആകർഷകമാക്കി.

date