Skip to main content

'അഴകോടെ ചുരം'; താമരശ്ശേരി ചുരം മാലിന്യമുക്തമാക്കി പുതുപ്പാടി ഗ്രാമപഞ്ചായത്ത്

താമരശ്ശേരി ചുരം മാലിന്യമുക്തമാക്കി  പുതുപ്പാടി ഗ്രാമപഞ്ചായത്ത്. ചുരത്തിലെ മാലിന്യം നീക്കുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനുമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'അഴകോടെ ചുരം'എന്ന ചുരം ശുചീകരണ പരിപാടി സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന താമരശേരി ചുരം റോഡിൽ പലയിടങ്ങളിലായി വലിച്ചെറിയപ്പെട്ട മാലിന്യങ്ങൾ  പൂർണ്ണമായി നീക്കം ചെയ്തു. പഞ്ചായത്തും ഇക്കോ ഫ്രണ്ട്ലി ഫൗണ്ടേഷനും ചേർന്നാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.

ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂവിന്റെ വിവിധ  യൂണിറ്റുകൾ, ഫോറസ്റ്റ്, ചുരം സംരക്ഷണ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ബഹുജന പങ്കാളിത്തത്തോടെയാണ് ചുരം ശുചീകരിച്ചത്. 400 ലധികം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. നിലവിൽ യാത്രക്കാർ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു. സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും മുഖ്യലക്ഷ്യമായ മാലിന്യ നിർമാർജ്ജന പ്രവർത്തനത്തിന്റെ ചുവട് പിടിച്ചാണ് പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നീക്കം.

പുതുപ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബീന തങ്കച്ചൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ടി. എം രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷറ ഷാഹിദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താട്ടിൽ, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണ പ്രവർത്തനത്തിന് ശേഷം മാലിന്യങ്ങൾ ചുരം റോഡിൽ വലിച്ചെറിയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ പറഞ്ഞു.

date