Skip to main content

എടയാറ്റുചാൽ കതിരണിഞ്ഞു: 255 ഏക്കറിൽ നെൽപ്പാടം വിളവെടുപ്പിന്  ഒരുങ്ങി

 

കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ എടയാറ്റുചാലിൽ  നെൽകൃഷി കൊയ്ത്തിനായി ഒരുങ്ങുന്നു. 255 ഏക്കറിലാണ് ഇത്തവണ കൃഷി. ഏറെക്കാലം തരിശു ഭൂമി ആയിരുന്ന പാടശേഖരത്തിൽ 215 ഏക്കറിൽ കഴിഞ്ഞ തവണ കൃഷി ഇറക്കിയിരുന്നു.

ഉമ ഇനം നെൽ വിത്താണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. 50 എച്ച്.പി ശേഷി ഉള്ള പെട്ടിയും പറയും, ഇലക്ട്രിക് മോട്ടറും, ലിഫ്റ്റ് ഇറിഗേഷന്റെ മൂന്ന് പമ്പ് സെറ്റുകളും കൃഷിക്കായി ഉപയോഗിക്കുന്നു. വെള്ളത്തിന്റെ ആവശ്യമനുസരിച്ച് ക്രമീകരണങ്ങൾ ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

വിതച്ച് നൂറു ദിവസം പൂർത്തിയായ നെൽച്ചെടികൾ ഫെബ്രുവരി അവസാനത്തോടെ വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കുട്ടനാട് നിന്നുള്ള നാല് യുവകർഷകരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കൃഷി വകുപ്പും നെല്ലുൽപാദന സമിതിയും ത്രിതല പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 30 വർഷം തരിശു ഭൂമിയായി കിടന്നിരുന്ന 300 ഏക്കർ പാടശേഖരമായിരുന്നു എട‌യാറ്റു ചാലിലേത്.

date