Skip to main content

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി മത്സ്യബന്ധന ബോട്ടുകള്‍

 

പത്തനംതിട്ട ജില്ല നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ നിരവധി ജീവനുകള്‍ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെയും  മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളും. 94 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ടയില്‍ എത്തിച്ചത്.  മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങള്‍ മുതല്‍ വലിയ ബോട്ടുകള്‍ വരെയുള്ളവയാണ് കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലുമില്ലാതെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആര്‍മിയുടെ 13 ഉും എന്‍ഡിആര്‍ഫിന്റെ 30 ഉം കോസ്റ്റ്ഗാര്‍ഡിന്റെ രണ്ടും നേവിയുടെ നാലും കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകളും ഉള്‍പ്പെടെ 149 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. 

ഐടിബിപിയുടെയും ആര്‍മിയുടേയും സേനാംഗങ്ങള്‍ ആവശ്യത്തിന്  എത്തിയിരുന്നെങ്കിലും ഇവര്‍ കൊണ്ടുവന്ന പരിമിതമായ ബോട്ടുകള്‍ മാത്രം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല.  തുടര്‍ന്ന് വാടി കടപ്പുറത്തു നിന്നും  നീണ്ടകരയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും  എത്തിച്ച വള്ളങ്ങളും ബോട്ടുകളും രംഗത്തിറങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായത്.  ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നെങ്കിലും അഞ്ച് പേരെ മാത്രമാണ് ഒരു ഹെലികോപ്ടറില്‍ ഒരു സമയം മാറ്റുവാന്‍ കഴിഞ്ഞത്. ഈ സമയത്ത് വലിയ മത്സ്യബന്ധന ബോട്ടുകളില്‍ ഒരുസമയം 60 പേരെ വരെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു. വലിയ ബോട്ടുകള്‍ക്ക് അടുക്കുവാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ചെറിയ വള്ളങ്ങള്‍ വിന്യസിച്ചും ഇത് രണ്ടും സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ സ്പീഡ് ബോട്ടുകള്‍ ഉപയോഗിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ച ഒരു മത്സ്യബന്ധന ബോട്ട് പൂര്‍ണമായി തകരുകയും ആറു ബോട്ടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 

date