Skip to main content

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പിൽഗ്രിം സെൻ്ററിൻ്റെയും ഓപ്പൺ എയർ ഓഡിറ്റോറിയത്തിൻ്റെയും നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു

-കോവിഡ് കാലത്ത് ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ നൽകിയത് 670 കോടി

കോവിഡ് കാലത്ത് 670 കോടി രൂപ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുമായി സർക്കാർ ചെലവഴിച്ചതായി ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പിൽഗ്രിം സെൻ്ററിൻ്റെയും ഓപ്പൺ എയർ ഓഡിറ്റോറിയത്തിൻ്റെയും നിർമ്മാണോദ്ഘാടനം ക്ഷേത്രാങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില ദേവസ്വം ബോർഡുകളിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിൽ ജീവനക്കാർ കോവിഡ് കാലത്ത് ശമ്പളം കിട്ടാതെ ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴാണ് സംസ്ഥാന  സർക്കാർ 670 കോടി രൂപ വിവിധ ക്ഷേത്രങ്ങളിലെ ശമ്പളത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി നൽകിയത്. ശബരിമല ഇടത്താവളങ്ങൾക്കായി 146 കോടി രൂപയും ശബരിമലയിലെ പുതിയ മാസ്റ്റർ പ്ലാനിനുവേണ്ടി 1200 കോടി രൂപയുമാണ് സർക്കാർ ചെലവഴിക്കുന്നത്. അമ്പലപ്പുഴ ക്ഷേത്രാങ്കണത്തിൽ  പിൽഗ്രിം സെൻ്റർ അഞ്ചുകോടി രൂപ ചെലവിലും ഓപ്പൺ എയർ ഓഡിറ്റോറിയം ഒരു കോടി രൂപ  ചെലവിലുമാണ് ഒരുങ്ങുന്നുന്നത്. നാടിന്റെ സാമൂഹ്യ ജീവിതത്തെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതിൽ  ക്ഷേത്രകലകൾക്ക് വലിയ പ്രാധാന്യമുണ്ട്. വിനോദസഞ്ചാരികൾക്ക് ഇവിടെ താമസിച്ച് ദർശനം നടത്തി അതെല്ലാം ആസ്വദിക്കാൻ അവസരമുണ്ടാക്കുന്ന തരത്തിലേക്ക് അമിനിറ്റി സെന്റർ മാറുമെന്നും മന്ത്രി പറഞ്ഞു. 

പരിപാടിയിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്തു. ലോകം അംഗീകരിക്കുന്ന ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി കേരളം മാറിയെന്നും ഈ മാറ്റത്തിന്റെ ഫലമായി ടൂറിസം മേഖലയിൽ എല്ലാവരും ചേർന്ന് നടത്തിയ ചർച്ചകളിലൂടെയും ഇടപെടലുകളിലൂടെയും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. 

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന സ്റ്റേജിനെ കൂടുതൽ സൗകര്യങ്ങളോടെയാണ് ഓപ്പൺ എയർ ഓഡിറ്റോറിയമായി നവീകരിക്കുന്നത്. ഗ്രീൻ റൂം സൗകര്യവും ഇതോടൊപ്പം ഒരുക്കും. 17,300 ചതുരശ്ര അടിയിൽ ഇരു നിലകളിലായി നിർമ്മിക്കുന്ന സെൻ്ററിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ടെൻഡർ ചെയ്തിട്ടുണ്ട്. താഴത്തെ നിലയിൽ ഒമ്പത് ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയും, ഒന്നാം നിലയിൽ പതിനൊന്ന് ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയുമാണ് നിർമ്മിക്കുന്നത്. രണ്ടാം നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ഡോർമെറ്ററികൾ, സ്റ്റോറേജ് സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവയും ഒരുക്കും. വാഹന പാർക്കിംഗിനും പ്രത്യേക സൗകര്യമുണ്ടാകും. ദൂരദേശങ്ങളിൽ നിന്ന് ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പിൽഗ്രിം സെൻ്റർ നിർമ്മിക്കുന്നത്. ക്ഷേത്രത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് 40 വർഷം പഴക്കമുണ്ടായിരുന്ന താമസയോഗ്യമല്ലാതിരുന്ന ദേവസ്വം സത്രം ഇതിനായി ഉപയോഗിക്കുന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻ്റ് കോർപ്പറേഷനാണ് (കിഡ്ക്) പദ്ധതിയുടെ നിർമ്മാണ ചുമതല.

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കവിത, വൈസ് പ്രസിഡന്റ് ഗീത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനിൽ പാഞ്ചജന്യം, എ ഓമനക്കുട്ടൻ, ഗ്രാമപഞ്ചായത്തംഗം ഹരികൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത് കുമാർ, അസിസ്റ്റന്റ് കമ്മീഷണർ ഈശ്വരൻ നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ കൊട്ടാരം ഉണ്ണികൃഷ്ണൻ, സെക്രട്ടറി ആർ രാജീവ്‌, കെഐഐഡിസി ഹരൺ ബാബു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

date