വനിതാ മതില്; ഇനി മൂന്നു ദിവസം ജില്ലയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; ഒരുലക്ഷം വനിതകള്‍ അണിനിരക്കും
കേരളം കൈവരിച്ച സാമൂഹ്യപരിഷ്കരണ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ 2019 ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വനിതാമതിലിനു ജില്ലയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഇനിയുള്ള മൂന്നു ദിവസം വനിതമതിലിന്റെ പ്രചാരണം കൂടുതല്‍ ഊര്‍ജിതമാക്കുവാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
വനിതാ മതില് ആരംഭിക്കുന്ന ജില്ലയെന്ന നിലയില്‍ പ്രത്യേക മുന്നൊരുക്കങ്ങളാണു നടക്കുന്നത്. ജില്ലയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ സര്‍ക്കിളില്‍ നിന്ന് ആരംഭിക്കുന്ന മതിലില്‍ വനിത ശിശുക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ ആദ്യമായി അണിനിരക്കും. ജില്ലയിലെ സാമൂഹ്യ-വിദ്യാഭ്യാസ- സാംസ്ക്കാരിക-രാഷ്ട്രീയ-നവോത്ഥാന മേഖലകളിലെ പ്രമുഖ വനിതകള്‍ തുടര്‍ന്ന് അണിനിരക്കും.
പുതിയ ബസ്സ്റ്റാന്‍ഡ് സര്‍ക്കിളില്‍ നിന്ന് ആരംഭിച്ച് പ്രസ്ക്ലബ് ജംങ്ഷന് വഴി കെഎസ്ടിപി റോഡിലേക്കു പ്രവേശിച്ച് കാലിക്കടവ് വരെയാണു ജില്ലയില്‍ മതിലൊരുക്കുന്നത്. 44 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ലക്ഷംപേരാണ് ജില്ലയില്‍ അണിനിരക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പറഞ്ഞു.
38 പഞ്ചായത്തുകളില്‍ നിന്നും മൂന്നു നഗരസഭകളില്‍ നിന്നുമായി കുറഞ്ഞത് 2500 പേരെ വീതം പങ്കെടുപ്പിക്കാന്‍ കഴിയും. വനിതാ മതിലില്‍ പങ്കെടുക്കേണ്ടവര്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ഉച്ചകഴിഞ്ഞ് 3.30നകം എത്തിച്ചേരണം. 3.50ന് ട്രയലും നാലിന് പ്രതിജ്ഞയോടെ വനിതാ മതിലും ഒരുക്കും.
നിലവില്‍ വനിതാ മതിലിന്റെ പ്രചരാണാര്‍ത്ഥം ജില്ലയില്‍ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണു നടന്നുവരുന്നത്. ജില്ലയില്‍ വിവിധ ഗ്രാമപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, സര്‍വീസ് സംഘടനകള്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍,വനിതാ സംഘടനാ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വനിതാമതില്‍ പ്രചരാണാര്‍ത്ഥം നവോത്ഥാന സദസ്, ഗൃഹസന്ദര്‍ശനം, വനിതാ ബൈക്ക് റാലി, പോസ്റ്റര്‍ പ്രചാരണം, ഫ്ളാഷ് മോബ്, പ്രതീകാത്മക മതില് തുടങ്ങിയവയും നടന്നുവരുകയാണ്. അവലോകന യോഗത്തില്‍ കെ.കുഞ്ഞിരാമന് എംഎല്‍എ, കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി രമേശന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡീനാ ഭരതന്, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, വിവിധ നവോത്ഥാന, യുവജന, സര്‍വീസ് സംഘടനാ ഭാരവാഹികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments