Skip to main content

പ്ലാന്റേഷൻ നയം അടുത്ത മാസം പ്രഖ്യാപിക്കും : മന്ത്രി ടി.പി. രാമകൃഷ്ണൻ

പ്ലാന്റേഷൻ നയം അടുത്ത മാസം പ്രഖ്യാപിക്കും : മന്ത്രി ടി.പി. രാമകൃഷ്ണൻ

** പ്ലാന്റേഷൻ ഡയറക്ടറേറ്റും ഉടൻ

സംസ്ഥാനത്തെ തോട്ടം മേഖലയുടെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിടുന്ന പ്ലാന്റേഷൻ നയം അടുത്ത മാസം അവസാനം പ്രഖ്യാപിക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. പ്ലാന്റേഷൻ നയം പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലാന്റേഷൻ നയത്തിന്റെ കരട് ചർച്ച ചെയ്യാൻ കൊച്ചി പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന ശിൽപ്പശാലയിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

തോട്ടം മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ചർച്ചകൾക്കും അഭിപ്രായ രൂപീകരണങ്ങൾക്കും ശേഷമാകും പ്ലാന്റേഷൻ നയത്തിന് അന്തിമ രൂപം നൽകുകയെന്നു മന്ത്രി പറഞ്ഞു. കേന്ദ്ര തൊഴിലാളി സംഘടനാ നേതാക്കളുടേയും തോട്ടം ഉടമകളുടേയും സംസ്ഥാനത്തെ പൊതുമേഖലാ തോട്ടങ്ങളുടെ ഭാരവാഹികളുടേയും യോഗങ്ങൾ പ്രത്യേകം ചേരും. വിവിധ വകുപ്പുകളുടെ ഏകോപനവും പ്ലാന്റേഷൻ നയത്തിന്റെ ഭാഗമായുള്ള തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാനപ്പെട്ടതാണ്. ഇതിനുള്ള നടപടിക്രമങ്ങളും ഒരു മാസംകൊണ്ട് പൂർത്തിയാക്കും. 

തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചാകും പ്രാഥമിക ഘട്ടത്തിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. ചീഫ് പ്ലാന്റേഷൻ ഇൻസ്‌പെട്കർ, പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ഭാഗമായി മാറും. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തോട്ടത്തിന്റെ തരം നിലനിർത്തിക്കൊണ്ട് ഇടവിള കൃഷി ചെയ്യണമെന്ന ആവശ്യം തോട്ടം നയത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കും. ഇക്കാര്യത്തിൽ സർക്കാർതലത്തിലെടുക്കേണ്ട നയ തീരുമാനങ്ങളും സ്വീകരിക്കും. തോട്ടം തൊഴിലാളി ക്ഷേമനിധി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നയത്തിന്റെ ഭാഗമായി സ്വീകരിക്കും. റെവനൂ, വനം വകപ്പുകളുമായി ബന്ധപ്പെട്ട് ചർച്ചയിൽ ഉയർന്ന പ്രശ്‌നങ്ങളിൽ അടിയന്തര പരിഹാരമുണ്ടാക്കും. 

തോട്ടം തൊഴിലാളികൾക്കുള്ള പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് അടിയന്തരമായി നടപ്പാക്കും. പൊതുമേഖലാ തോട്ടങ്ങളിൽ അടിയന്തരമായി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. തോട്ടം ഉടമകളും സഹകരിക്കണം. അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച വിഷയങ്ങൾ ഡിവിഷൻ അടിസ്ഥാനത്തിൽ തോട്ടം ഉടമകളും തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനമുണ്ടാക്കണം. തോട്ടങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ച പ്രശ്‌നം നിയമപരമായി എങ്ങനെ മറികടക്കാമെന്ന് സർക്കാർ ആലോചിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ചുണ്ടാകുന്ന നഷ്ടം വനം വകുപ്പിനെയും തൊഴിൽ വകുപ്പിനെയും അറിയിക്കണം. ഇക്കാര്യത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾക്കു ശ്രമിക്കും. തോട്ടം തൊഴിലാളികൾക്കുള്ള ഭവന പദ്ധതിയും അടിയന്തര പ്രാധാന്യം നൽകും. ഇക്കാര്യത്തിൽ തോട്ടം ഉടമകളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

date