Skip to main content

ലൈഫ് മിഷൻ 245 കോടി വിതരണം ചെയ്തു; 10973 വീടുകൾ പൂർത്തിയായി

ലൈഫ് മിഷൻ 245 കോടി വിതരണം ചെയ്തു; 10973 വീടുകൾ പൂർത്തിയായി

കാക്കനാട്: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് പദ്ധതിയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച് എറണാകുളം ജില്ല. ജില്ലയിൽ 10973 വീടുകൾ പൂർത്തിയാക്കി. 245 കോടി രൂപ ലൈഫ് ഗുണഭോക്താക്കൾക്കായി വിതരണം ചെയ്തു. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭൂമിയില്ലാത്ത ഭവന രഹിതരിൽ രേഖാ പരിശോധനയിലൂടെ 15200 പേരെയാണ് അർഹരായി കണ്ടെത്തിയിട്ടുള്ളത്.
ജില്ലയിലെ 96 തദ്ദേശ സ്ഥാപനങ്ങളും സമയബദ്ധിതമായി തന്നെ പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ഗുണഭോക്തൃ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കുകയാണ് ആദ്യം ചെയ്തത്. ഒന്നും  രണ്ടും ഘട്ടങ്ങളിലായി ലൈഫ് പദ്ധതിയിലൂടെ നേരിട്ട് 6044 വീടുകളും ലൈഫ് - പി.എം.എ.വൈ (ഗ്രാമീൺ ) സംയോജിത പദ്ധതിയിലൂടെ 755 വീടുകളും അർബൻ പദ്ധതിയിലൂടെ 4174 വീടുകളും പൂർത്തിയാക്കി.
ഭൂമിയില്ലാത്ത ഭവനരഹിതർക്ക് ഭവനസമുച്ചയം നിർമ്മിക്കുന്നതിന് ജില്ലയിൽ 26 സ്ഥലങ്ങളിലായി 4905 സെന്റ് ഭൂമി കണ്ടെത്തി. ഏലൂർ, കൂത്താട്ടുകുളം, അയ്യമ്പുഴ, കരുമാല്ലൂർ, തൃക്കാക്കര, തോപ്പുംപടി എന്നീ സ്ഥലങ്ങളാണ് ഭവന സമുച്ചയം നിർമ്മിക്കുന്നതിന് തെരഞ്ഞെടുത്തത്. പ്രാരംഭ നടപടികൾ ആരംഭിച്ചു.

പദ്ധതിയിലൂടെ ജീവനോപാധി നൽകുക എന്ന ലക്ഷ്യത്തോടെ ലൈഫ് പട്ടികയിലുള്ള 5540 കുടുബങ്ങൾക്ക് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് തൊഴിൽ കാർഡ് വിതരണം ചെയ്യുകയും ചെയ്തു. 3,75,502 തൊഴിൽ ദിനങ്ങൾ വഴി 10.17 കോടി രൂപ കൂലിയായി വിതരണം ചെയ്തു. ലൈഫ് പദ്ധതിക്കായി ജില്ലയിൽ 159 നിർമ്മാണ യൂണിറ്റുകൾ വഴി 4.89 ലക്ഷം സിമന്റ് കട്ടകൾ നിർമ്മിച്ച് വിതരണം ചെയ്തു.
ജീവനോപാധിയായും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന്റെ സഹായത്തോടെ ജില്ലയിൽ 25 കൺസ്ട്രക്ഷൻ യൂണിറ്റുകൾ ആരംഭിക്കുകയും 34 ലൈഫ് ഭവനങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും 21 ഭവനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.
സംസ്ഥാന മിഷന്റെ നിർദ്ദേശം അനുസരിച്ച് ലൈഫ് ഗുണഭോക്താക്കൾക്ക് നിർമ്മാണ വസ്തുക്കൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനും, സാങ്കേതിക പിൻബലം നൽകുന്നതിനും ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദഗ്ധരെയും ഏകോപിപ്പിച്ച് പ്രവർത്തനവും പുരോഗമിക്കുകയാണ്. പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികളും, പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യകളും ഭവന നിർമ്മാണത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോമ്പൗണ്ടിൽ മാതൃകാ ഭവനം നിർമ്മിക്കുകയും പൊതുജനങ്ങൾക്ക് ഈ നൂതന സാങ്കേതിക വിദ്യ നേരിട്ട് മനസിലാക്കി കൊടുക്കുകയും ചെയ്തു.
ലൈഫ് കുടുബങ്ങൾക്ക് സർക്കാരിന്റെ വിവിധ പദ്ധതികളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടത്തി വരുന്ന ലൈഫ് കുടുബ സംഗമവും അദാലത്തും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ലൈഫ് കുടുബങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഏണസ്റ്റ് സി തോമസിന്റെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.

date