Skip to main content

സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലൂടെ കേരളം ലോകത്തെ അതിശയിപ്പിക്കും: മന്ത്രി സി. രവീന്ദ്രനാഥ്

സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലൂടെ കേരളം ലോകത്തെ അതിശയിപ്പിക്കും: മന്ത്രി സി. രവീന്ദ്രനാഥ്

കാക്കനാട്: പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങൾ പടിപടിയായി ഉയർത്തുക എന്നതാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെയ്ക്കുന്ന വികസന സങ്കൽപമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ എറണാകുളം ജില്ലാതല കുടുംബസംഗമവും പൂര്‍ത്തീകരണ പ്രഖ്യാപനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
   സമ്പത്തിന്റെ നീതിപൂർവ്വകമായ വിതരണമാണ് ബദൽ വികസന മാതൃകയെന്ന് പറഞ്ഞ മന്ത്രി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയും, പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുമടക്കം വിവിധ പദ്ധതികൾ ഈ ബദൽ വികസന സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് വ്യകതമാക്കി. കൂട്ടായ പ്രയത്നത്തിലൂടെ സമൂഹത്തിൽ ഐക്യം വളർത്താൻ ലക്ഷ്യമിടുന്ന സർക്കാരിന്റെ പദ്ധതികൾ രാജ്യം ആവശ്യപ്പെടുന്ന വികസന മാതൃകയാണെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.
      സാക്ഷരതയിലും, ജീവിത ഗുണനിലവാരത്തിലും ലോകത്തെ അതിശയിപ്പിച്ച കേരളം സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലൂടെയും ലോകത്തിന് മാതൃകയാകും. ലൈഫ് പദ്ധതിയുടെ കീഴിൽ 245 കോടി രൂപ ചെലവിൽ 10973 വീടുകളുടെ നിര്‍മ്മാണം ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചു. ലൈഫ് മിഷൻ ജില്ലയിൽ സ്തുത്യർഹമായ സേവനമാണ് അനുഷ്ഠിച്ചതെന്ന് അഭിപ്രായപ്പെട്ട മന്ത്രി സി. രവീന്ദ്രനാഥ് പദ്ധതിയുടെ വിജയത്തിനായി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
എം.എൽ.എ പി.ടി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുൾ മുത്തലിബ്, എ.ഡി.എം കെ. ചന്ദ്രശേഖരൻ നായർ, ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പാലിറ്റി ചെയർമാൻമാർ ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ്, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ പ്രവീണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ് എന്നിവര്‍ പ്രസംഗിച്ചു. തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കുടുംബ സംഗമത്തില്‍ ഒരു വാര്‍ഡില്‍ നിന്നും ഒരു കുടുംബം എന്ന കണക്കില്‍ 1500 കുടുംബങ്ങളാണ് പങ്കെടുത്തത്. കുടുംബ സംഗമത്തിന്റെ ഭാഗമായി ലൈഫ്, പി.എം.എ.വൈ പദ്ധതി ഗുണഭോക്താക്കള്‍ക്ക് വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകള്‍ പ്രവർത്തിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിലെ വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു..

date