Skip to main content

ഡിസംബറിൽ ആരംഭിക്കുന്ന കൊച്ചി വാട്ടർ മെട്രോയിൽ ഉപയോഗിക്കുക  ഇലക്ട്രിക് ബോട്ടുകൾ: മുഖ്യമന്ത്രി

ഡിസംബറിൽ ആരംഭിക്കുന്ന കൊച്ചി വാട്ടർ മെട്രോയിൽ ഇലക്ട്രിക് ബോട്ടുകളാവും ഉപയോഗിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോയ്ക്ക് ആവശ്യമുള്ള 30 ശതമാനം ഊർജം സോളാർ വഴിയാണ് ഉത്പാദിപ്പിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഇത് 60 ശതമാനം ആക്കും. സംസ്ഥാനത്ത് മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ഇലക്ട്രിക് വാഹനത്തിന്റെ ഉപയോഗം കൂട്ടാനാണ് സർക്കാർ തീരുമാനം. 2025 ഓടെ ആറായിരത്തോളം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൂടുതൽ വ്യാപിപ്പിക്കും. ജലഗതാഗത മേഖലയിൽ സോളാർ ബോട്ടുകളുടെ ഉപയോഗം ആരംഭിച്ചിട്ടുണ്ട്.
കിഫ്ബി സഹായത്തോടെ കൊച്ചിയിലെ അഞ്ച് പ്രധാന കനാലുകൾ ശുദ്ധീകരിക്കും. 1200 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. 64 കോടി രൂപ ചെലവഴിച്ചു നടത്തുന്ന ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയ്ക്കും അംഗീകാരമായി.
കോവിഡിനൊപ്പം ജീവിച്ച് ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും എങ്ങനെ സംരക്ഷിക്കാമെന്നാണ് നാം ആലോചിക്കേണ്ടത്. ലോക്ക്ഡൗൺ കാലയളവ് പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഗുണകരമായെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മലിനീകരണത്തിന്റെ തോത് വലിയ രീതിയിൽ കുറഞ്ഞു. മാലിന്യം നിറഞ്ഞ തോടുകളും നദികളും നീരുറവകളും തെളിഞ്ഞ് ഒഴുകുന്നു.   മണ്ണുസംരക്ഷണം, ഫലവൃക്ഷ കൃഷി പ്രോത്സാഹനം, വനവത്ക്കരണം, ജലാശയസംരക്ഷണം എന്നിവയ്ക്കെല്ലാം സർക്കാർ തുടക്കം മുതൽ മുൻതൂക്കം നൽകുന്നു. ഇതിനായി ഹരിതകേരളം മുതൽ സുഭിക്ഷ കേരളം വരെയുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച പച്ചത്തുരുത്ത് വിജയകരമായി മുന്നോട്ടു പോകുന്നു. 370 തദ്ദേശസ്ഥാപനങ്ങളിൽ 536 ഏക്കറിൽ 627 പച്ചത്തുരുത്തുകൾ ഇപ്പോൾ ഉണ്ട്. ഈ മാസം അത് ആയിരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 2067/2020

 

date