Skip to main content
കേരള പോലീസ് അക്കാദമിയിൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 18 C ബാച്ചിലെ വനിതാ പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ്   സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസ്  അഭിവാദ്യം സ്വീകരിക്കുന്നു

സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച പാടില്ല: മുഖ്യമന്ത്രി  109 വനിതകൾ പൊലീസ് സേനയിൽ 

 

സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് അക്കാദമിയിൽ പരീശീലനം പൂർത്തിയാക്കിയ  18 സി ബാച്ചിലെ 109 വനിത പൊലീസ് സേനാംഗങ്ങങ്ങളുടെ പാസിംഗ് ഔട്ട് പരേഡിനെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

പൊതുഇടങ്ങളിലും കുടുംബങ്ങളിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണ് സർക്കാർ. പൊലീസ് സേനയിലും വനിതകളുടെ പങ്കാളിത്തം ഉയരുകയാണ്. 2016 ന് ശേഷം 554 വനിതകൾ പുതുതായി സേനയുടെ ഭാഗമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

 മികച്ച പരിശീലനം ലഭിച്ചാണ് വനിതകൾ സേനയുടെ ഭാഗമാകുന്നത്. ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ നിർവ്വഹിക്കുന്നതിനും സമൂഹത്തെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സേവിക്കുന്നതിനും പരിശീലനം സഹായകമാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമീപകാലത്ത് സംസ്ഥാനം തുടർച്ചയായി ദുരന്തങ്ങൾ നേരിട്ടപ്പോൾ മുന്നിൽനിന്ന് നയിക്കാൻ പൊലീസ് സേനയ്ക്കായി. മികച്ച അക്കാദമിക്ക് യോഗ്യതയുള്ളവർ ധാരാളമായി കടന്നുവരുന്നത്  സേനയുടെ മികവാർന്ന പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യും.
സാധാരണക്കാരോട്  മൃദുഭാവവും കുറ്റവാളികളോട് കർശന നിലപാടും സ്വീകരിക്കാൻ പൊലീസിന് കഴിയണം. കുറ്റവാളികൾ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയണമെന്നും മുഖ്യമന്ത്രി  അഭിപ്രായപ്പെട്ടു. 

സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, കേരള പൊലീസ് അക്കാദമി ഡയറക്ടർ കെ സേതുരാമൻ, എന്നിവർ ചടങ്ങിൽ പരേഡിന് അഭിവാദ്യം ചെയ്തു.

109 വനിതകളാണ് കഴിഞ്ഞവർഷം ഡിസംബർ എട്ടിന് പരിശീലനം ആരംഭിച്ചത്. അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധതരം ആയുധങ്ങൾ  ഉപയോഗിക്കുന്നതിലും കൗണ്ടർ അർബൻ ടെററിസം, ബോംബ് ഡിറ്റക്ഷൻ, വി.ഐ.പി സെക്യൂരിറ്റി എന്നിവയിലും വനിതകൾ പരിശീലനം നേടി.

ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം, പൊലീസ് സ്റ്റേഷൻ മാനേജ്‌മെന്റ്, ട്രാഫിക്ക് മാനേജ്‌മെന്റ്, കേസന്വേഷണം, വി ഐ പി ബന്തവസ്, കരാട്ടെ, യോഗ, ഹൈ അൾട്ടിട്യൂഡ് ട്രൈനിംഗ്, കോസ്റ്റൽ സെക്യൂരിറ്റി ട്രൈനിംഗ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, സൈബർ കുറ്റകൃത്യങ്ങൾ, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, ആയുധ പരിശീലനം, ഫയറിംഗ്, സെല്ഫ് ഡിഫെൻസ്, നീന്തൽ, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നൽകി. മലപ്പുറത്തെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പരിശീലനവും ഹൈ ആൾട്ടിട്ട്യൂഡ് പരിശീലനവും നേടിക്കഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസം നേടിയ നിരവധി പേരുണ്ട് ഈ ബാച്ചിൽ. എം സി എ - 2, എം ബി എ - 1, എം ടെക് - 2, ബി ടെക് - 11, ബി എഡ് - 8, ബിരുദാനന്ത ബിരുദം - 23, ബിരുദം - 51, ഡിപ്ലോമ - 3 എന്നിങ്ങനെയാണ്  സേനാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത.

പരിശീലനത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് സംസ്ഥാന പൊലീസ് മേധാവി  ട്രോഫികൾ സമ്മാനിച്ചു. പരേഡിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date