Skip to main content

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണം ജനങ്ങളെ മുന്നിൽക്കണ്ടാകണം -മുഖ്യമന്ത്രി പിണറായി വിജയൻ

* വടക്കാഞ്ചേരി നഗരസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
തദ്ദേശസ്ഥാപനങ്ങൾ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ ജനങ്ങളെ മുന്നിക്കണ്ടുകൊണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടക്കാഞ്ചേരി നഗരസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും നമുക്ക് കഴിയണം. തദ്ദേശസ്ഥാപനങ്ങൾ സ്തുത്യർഹമായ സേവനമാണ് ഇപ്പോൾ നടത്തുന്നതെന്നും ഇതിന് ജനങ്ങളുടെ സഹകരണം തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
തദ്ദേശസ്ഥാപനങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ പൂർണമായി ഉൾക്കൊണ്ട് ജനങ്ങൾ അനുകൂലമായി പ്രതികരിക്കുമ്പോൾ ചിലർക്കുണ്ടാകുന്ന പ്രയാസങ്ങളുടെ ബഹിർസ്പുരണങ്ങൾ നാട്ടിൽ നാം കാണുന്ന ഘട്ടമാണ്. പക്ഷേ, അതുകൊണ്ടൊന്നും ആരോഗ്യകരമായ സമീപനത്തിനും ഇടപെടലിനും മാറ്റം വരുന്നില്ല എന്നതും നാം കാണണം. ഇപ്പോൾ കോവിഡ് പ്രതിരോധത്തിലും തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് എല്ലാതരത്തിലുമുള്ള ജനപങ്കാളിത്തവും സഹകരണവും ലഭിച്ചിട്ടുണ്ട്. കമ്യൂണിറ്റി കിച്ചൻ പോലുള്ള ശ്രദ്ധേയ ഇടപെടലുകൾ ഉദാഹരണമാണ്. സന്നദ്ധപ്രവർത്തകരുടെയും വാർഡുതല സമിതികളുടെയും പ്രവർത്തനങ്ങൾ മാസങ്ങളായി തുടരുന്നതും നമ്മുടെ നാടിന്റെ പ്രത്യേകതയാണ്. നാടും നാട്ടുകാരും എല്ലാകാര്യത്തിലും സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്. അതിൽ വിഷമിക്കുന്നവരെക്കുറിച്ച് ആലോചിച്ച് നിൽക്കാൻ നമുക്ക് സമയമില്ല. ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് വേണ്ടത്്. കോവിഡ് മഹാമാരിയെ ഒരു പരിധിവരെ തടയാനായതും ജനങ്ങളുടെ സഹകരണം മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വടക്കാഞ്ചേരി നഗരസഭാ മന്ദിരനിർമാണത്തിന് മൂന്നുകോടി രൂപ ചെലവിട്ട് ആധുനിക സാങ്കേതികവിദ്യയായ ഗ്ളാസ് ഫൈബർ റീ ഇൻഫോഴ്സ്ഡ് ജിപ്സം ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിർമിക്കുന്ന ആദ്യ നഗരസഭാ മന്ദിരമാണിത്. മന്ദിരത്തിന് നാലുനിലകളാണുള്ളത്. ജനപ്രതിനിധികൾക്കുള്ള ഓഫീസ്, കോൺഫറൻസ് ഹാൾ തുടങ്ങിയവയുമുണ്ട്. ഇവിടുത്തെ മെച്ചപ്പെട്ട സൗകര്യങ്ങൾ ജനങ്ങൾക്കുള്ള മെച്ചപ്പെട്ട സേവനമായി പരിവർത്തനം ചെയ്യപ്പെടണം. പ്രാദേശിക വികസന രംഗത്ത് നിരവധി മെച്ചപ്പെട്ട പദ്ധതികൾ നഗരസഭ നടപ്പാക്കുന്നുണ്ട്. ഫൈ് പദ്ധതിയിൽ 1808 വീടുകൾക്ക് 72 കോടി 32 ലക്ഷം രൂപയാണ് നഗരസഭ പദ്ധതിയിലൂടെ നടപ്പാക്കിയത്. ഏറ്റവും കൂടുതൽ വീടുകൾ നൽകി നഗരസഭകളിലൊന്നാണ് വടക്കാഞ്ചേരി. വടക്കാഞ്ചേരി പുഴയുടെ വീണ്ടെടുപ്പിന് ഹരിതകേരളം മിഷൻ വഴി നടത്തിയ പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ തദ്ദേശസ്വയംഭരണമന്ത്രി എ.സി മൊയ്തീൻ അധ്യക്ഷത വഹിച്ചു.
പി.എൻ.എക്സ്. 3712/2020

 

date