Skip to main content

കൊല്ലം ജില്ലാ ആസൂത്രണ സമിതിയുടെ പുതിയ മന്ദിര ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കൊല്ലം ജില്ലാ ആസൂത്രണ സമിതിക്കായി നിർമിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  ജില്ലയിലെ വികസന പ്രവർത്തനങ്ങളുടെ ഏകോപനവും സംയോജനവും നടത്താനാവുന്ന മന്ദിരമായി ഇതിനെ ഉയർത്താനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതിവിഹിതമായി ലഭിച്ച ഒന്നരക്കോടിരൂപയും കേന്ദ്ര സർക്കാരിന്റെ ഒറ്റത്തവണ സഹായമായി ലഭിച്ച ഒരു കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായ മൂന്നുകോടി രൂപയും ചെലവഴിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെ ഈ മന്ദിരം നിർമിച്ചത്.
വികസന പ്രവർത്തനങ്ങളിൽ ജനകീയ ആവശ്യങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകേണ്ടത്. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പ് ജീവനക്കാരും ജില്ലാ ആസൂത്രണ സമിതിയും യോജിച്ചുള്ള പ്രവർത്തനം നടത്തണം. കോവിഡ് പ്രതിരോധത്തിൽ തദ്ദേശസ്ഥാപനങ്ങൾ മികവുറ്റ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. തുടർച്ചയായ പ്രവർത്തനങ്ങൾ പലരേയും ക്ഷീണിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതിബദ്ധതയോടെ ജനപ്രതിനിധികളും തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും പങ്കുവഹിക്കുന്നുണ്ട്. ഇനിയുള്ള നാളുകളും അതേരീതിയിൽ തുടരാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 3714/2020

date