Skip to main content

ഒരു ലക്ഷം മെട്രിക് ടൺ വീതം പച്ചക്കറി, കിഴങ്ങുവർഗ അധിക ഉത്പാദനം ലക്ഷ്യം: മുഖ്യമന്ത്രി

*16 ഭക്ഷ്യവിളകൾക്ക് അടിസ്ഥാന വില (തറവില) പ്രഖ്യാപിച്ചു
വർഷം ഒരു ലക്ഷം മെട്രിക് ടൺ വീതം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും അധികമായി ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവയ്ക്ക് മികച്ച വിപണി ഉറപ്പാക്കാനും പദ്ധതി തയാറാക്കും. പുതുതായി കൃഷിയിലേക്ക് വന്ന കർഷകർക്കും പരമ്പരാഗത കർഷകർക്കും കൈത്താങ്ങായി അടിസ്ഥാന വില പ്രഖ്യാപനം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്താദ്യമായി 16 ഭക്ഷ്യവിളകൾക്ക് അടിസ്ഥാന വില (തറവില) പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
വർഷങ്ങളായി കൃഷിയെ ആശ്രയിച്ച് ജീവിച്ചുവരുന്നവർക്ക് കരുത്തുപകരാനാണ് സർക്കാരിന്റെ കരുതൽ നടപടി. രാജ്യത്താകെ കർഷകർ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതും നാം കാണുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഒരു ബദൽ മുന്നോട്ടുവെച്ച് കർഷകരെ പ്രധാനമായും ഉന്നംവെച്ച് കാർഷിക അഭിവൃദ്ധിക്കുതകുന്ന ഒട്ടേറെ നടപടികളുമായാണ് സർക്കാർ നാലരവർഷമായി പ്രവർത്തിക്കുന്നത്.
മരച്ചീനി, ഏത്തവാഴ, കൈതച്ചക്ക, വെള്ളരി, പാവൽ, പടവലം, തക്കാളി, കാബേജ്, ബീൻസ് തുടങ്ങി നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന എല്ലാ പ്രധാന പച്ചക്കറികളും തറവിലനിർണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വിളയുടെയും ഉത്പാദന ചെലവിനൊപ്പം 20 ശതമാനം തുകയാണ് അധികമായി ചേർത്തിരിക്കുന്നത്. പച്ചക്കറികൾക്ക് നിശ്ചിതവിലയേക്കാൾ കുറഞ്ഞവില വിപണിയിൽ ഉണ്ടാവുകയാണെങ്കിൽ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകന്റെ അക്കൗണ്ടിൽ നൽകും. ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കിയായിരിക്കും കർഷകർക്ക് തറവില നൽകുന്നത്. ഗുണനിലവാരം ഉറപ്പാക്കാൻ സംഭരണപ്രക്രിയയിൽ തന്നെ ഗ്രേഡ് നിശ്ചയിക്കും. കാലാകാലങ്ങളിൽ തറവില പുതുക്കാനുള്ള വ്യവസ്ഥയുമുണ്ട്.
പ്രാദേശിക ഭക്ഷ്യ ഉത്പാദനത്തിലും കാർഷിക പദ്ധതികളും തീരുമാനിക്കുന്ന അതത് തദ്ദേശസ്ഥാപനങ്ങൾക്കും നിർണായക പങ്കുണ്ട്. അവരാണ് സംഭരണ, വിതരണ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നത്. ഒരു കർഷന് ഒരു സീസണിൽ പരമാവധി 15 ഏക്കർ കൃഷിക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കൃഷി വകുപ്പിന്റെ പോർട്ടലിൽ നവംബർ ഒന്നുമുതൽ രജിസ്ട്രേഷൻ ആരംഭിക്കും. എന്നാൽ പ്രൈമറി അഗ്രികൾചറൽ കെഡ്രിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റികൾ വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർക്ക് ആദ്യഘട്ടത്തിൽ തത്കാലം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടില്ല. തറവില പ്രഖ്യാപിക്കപ്പെട്ടാൽ രജിസ്റ്റർ ചെയ്ത കർഷകർ കൃഷിവകുപ്പിന്റെ നോട്ടിഫൈഡ് വിപണിയിലേക്കും, സൊസൈറ്റികളിൽ അംഗങ്ങളായവർ നോട്ടിഫൈഡ് സൊസൈറ്റികളിലേക്കും ഉത്പന്നങ്ങൾ എത്തിക്കണം. കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കൃഷിവകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രിക്കൾചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ തെരഞ്ഞെടുക്കപ്പെട്ട വിപണന ശൃംഖലകളിലൂടെയും വിറ്റഴിക്കും. കൂടുതലായി വരുന്ന ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പദ്ധതി കാർഷികരംഗത്തിനാകെ ഉണർവുപകരും. ഇതിനാവശ്യമായ പിന്തുണ കൃഷിവകുപ്പും തദ്ദേശസ്ഥാപനങ്ങളും സഹകരണമേഖലയും ഒന്നിച്ചുനിന്ന് കർഷകർക്ക് നൽകുമ്പോൾ അത് കേരളത്തിനുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും.
ഇതുവഴി ഉത്പാദനം വലിയതോതിൽ വർധിക്കും. ഇവ കേടുകൂടാതെ സംരക്ഷിക്കാനും കേടുകൂടാതെ സംഭരിക്കാനും വിപണനം ചെയ്യാനുമുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ട്. എത്ര ഉത്പാദിപ്പിച്ചാലും ആശങ്കയുണ്ടാകേണ്ടതില്ല, അതിനുള്ള കരുതൽ നടപടികൾ സ്വീകരിക്കും.
സംസ്ഥാനത്ത് കാർഷികരംഗത്ത് വലിയതോതിൽ മാറ്റം ഉണ്ടാക്കാനായിട്ടുണ്ട്. നെൽകൃഷി, പച്ചക്കറി ഉത്പാദനം, പാലുത്പാദനം എന്നിവയിൽ വളർച്ചയുണ്ടായി. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 1,96,000 ഹെക്ടറിലായിരുന്ന നെൽകൃഷി ഇപ്പോൾ രണ്ടേകാൽ ലക്ഷം ഹെക്ടറായി. വർഷങ്ങളായി തരിശുകിടന്ന പ്രദേശങ്ങൾ കൃഷിചെയ്യുന്ന നിലയായി. നാലുവർഷം കൊണ്ട് ആഭ്യന്തര പച്ചക്കറി ഉത്പാദനം ഇരട്ടിയിലധികമാക്കാൻ കഴിഞ്ഞു. ഏഴുലക്ഷം മെട്രിക് ടൺ ഉണ്ടായിരുന്നത് 14 ലക്ഷം മെട്രിക് ടണ്ണിൽ അധികമായി.
സുഭിക്ഷകേരളം പദ്ധതിയിലൂടെ എല്ലാവരും കാർഷികരംഗത്തേക്ക് വരുന്ന നിലയുണ്ടായി. ജീവനി പദ്ധതിക്കും മികച്ച പ്രതികരണമാണ്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർഷികരംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കാനായത്. പ്രവാസജീവിതം വിട്ട് തിരിച്ചുവന്നവരിൽ പലരും കാർഷികരംഗത്തേക്ക് തിരിയുന്നുണ്ട്. ഇതിനൊപ്പം വനിതകൾ, യുവജനങ്ങൾ എല്ലാമുൾപ്പെടെ വലിയൊരു ജനസമൂഹം ഇത് ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
പി.എൻ.എക്സ്. 3722/2020
 

date