Skip to main content

ഡിജിറ്റല്‍ സംവിധാനം വഴി സംസ്ഥാനത്ത്   മികവുറ്റ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സാധിച്ചു -  മുഖ്യമന്ത്രി

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ സംവിധാനം വഴി     സുരക്ഷിതവും മികവുറ്റതുമായ പഠനം ഉറപ്പാക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി കോളജ് ഓഫ് എന്‍ജിനീയറിങില്‍  നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം  വീഡിയോ കോണ്‍ഫറന്‍സിങ് വഴി  നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം
മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസം രാജ്യത്തിന് ഏറ്റവും മികച്ച മാതൃകയാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹികനീതിയും  ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ പുതിയ കോളജുകളും അടിസ്ഥാന സൗകര്യ വികസനവും ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കുന്നത്. ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത മികച്ച പരിഗണനയാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ നല്‍കുന്നത്. കോളജുകളുടെ അടിസ്ഥാനസൗകര്യവികസനത്തിനും  അക്കാദമിക വികസനത്തിനും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 700 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനായി.
നബാര്‍ഡ് വഴി  4.37 കോടി രൂപ ചെലവഴിച്ച്   രണ്ട് നിലകളിലായാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചിട്ടുള്ളത്. ഏഴ് ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ഒരു സെമിനാര്‍ ഹാള്‍, നാല് ലാബുകള്‍, ഫാക്കല്‍റ്റി റൂം എന്നിവ ഉള്‍പ്പെടുന്നതാണ് കെട്ടിടം. കൂടാതെ അസാപ്പിന്റെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നതിന് വെര്‍ച്വല്‍ ക്ലാസ് റൂമും സജ്ജമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് നിര്‍മാണ വിഭാഗത്തിനായിരുന്നു നിര്‍വഹണ ചുമതല. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ടോണിക്‌സ് വിഭാഗങ്ങളിലായി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
  ചടങ്ങില്‍  പി  അയിഷാ പോറ്റി എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കൊട്ടാരക്കര നഗരസഭ അധ്യക്ഷ ബി ശ്യാമളയമ്മ, ഉപാധ്യക്ഷന്‍ ഡി രാമകൃഷ്ണപിള്ള, കൗണ്‍സിലര്‍ സി മുകേഷ്, എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ വി ഭദ്രന്‍,  പി ടി എ പ്രസിഡന്റ് എസ് ആര്‍ രവി തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2940/2020)

 

date