Skip to main content

പക്ഷി-മൃഗാദികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പ്രത്യേകശ്രദ്ധ പുലർത്തണം- മുഖ്യമന്ത്രി

* കേരള വെറ്ററിനറി സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തു
വരും തലമുറകൾക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥ തയാറാക്കാൻ സമഗ്രമായ ഒരു രോഗപ്രതിരോധ ശൃംഖല വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ ആവാസ വ്യവസ്ഥയിൽ പക്ഷി-മൃഗാദികൾക്ക് വലിയ പ്രാധാന്യമുള്ളതിനാൽ ഇവയുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പ്രത്യേകശ്രദ്ധ വെച്ചുപുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 12ാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയകരമായ രോഗപ്രതിരോധം ശാസ്ത്രലോകം മാത്രം വിചാരിച്ചാൽ നടപ്പാക്കാവുന്നതല്ല. അവരോടൊപ്പം സാങ്കേതിക വിദഗ്ധർ, സന്നദ്ധസംഘടനകൾ, കർഷകർ തുടങ്ങി എല്ലാവരും കൈകോർക്കണം. ഒപ്പം നാട്ടറിവുകളും ഇതിനായി പ്രയോജനപ്പെടുത്തി സമഗ്രമായ ഒരു രോഗപ്രതിരോധ ശൃംഖല വളർത്തിയെടുക്കണം.
പക്ഷികളുടെ രോഗപ്രതിരോധത്തിനുള്ള അസ്‌കാഡ് പദ്ധതി, മൃഗങ്ങളുടെ രോഗപ്രതിരോധത്തിനുള്ള അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് തുടങ്ങിയവ ഉദാഹരണങ്ങളാണ്. അത്തരമൊരു ശ്രദ്ധ മനുഷ്യരിലേക്ക് രോഗാണുക്കൾ പടരുന്നത് തടയുന്നതിലുള്ള മുൻകൂർ ശ്രദ്ധ കൂടിയാണ്.  മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്ഥമായി കർഷകരുടെ വീടുകളിലെത്തി പക്ഷി-മൃഗാദികൾക്ക് കുത്തിവെപ്പുകൾ നൽകുന്നതിന്റെ ഗുണഫലവും നാട്ടിലുണ്ട്.
ഇതുമാത്രം പോരാ, അപ്രതീക്ഷിതമായി വരുന്ന രോഗബാധകളെ പിടിച്ചുകെട്ടാനുള്ള വാക്‌സിനുകൾ നമുക്കാവശ്യമാണ്. ശാസ്ത്രലോകത്തിന് ഒട്ടും പരിചിതമല്ലാത്തതും നിരുപദ്രവകാരികൾ എന്ന് വിശ്വസിച്ചിരുന്നതുമായ അണുക്കളുടെ പുതിയ രൂപങ്ങൾ മൃഗങ്ങളിലേക്കും അതുവഴി മനുഷ്യരിലേക്കും എത്തുന്നു. നിനച്ചിരിക്കാത്ത നേരത്താണ് ഒരു സൂചനയും നൽകാതെ ഇവ പടർന്നുപിടിക്കുന്നത്. ഒന്നിനെ കീഴടക്കിയെന്ന് തോന്നുമ്പോൾ അടുത്തത് വരും. പുതിയ പല വൈറസുകളെയും സൂക്ഷ്മമായി അപഗ്രഥിച്ചാൽ വ്യക്തമാകുന്നത് ഏതെങ്കിലും പക്ഷി അല്ലെങ്കിൽ മൃഗം അതിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ പക്ഷി-മൃഗാദികളുടെ രോഗപ്രതിരോധമുയർത്തുന്നതു സംബന്ധിച്ച് കോൺഫറൻസിൽ ഉരുത്തിരിയുന്ന ആശയങ്ങൾ പ്രസക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.4017/2020

 

date