Skip to main content

കലൂരിലെ കെട്ടിടം ഇടിഞ്ഞത് അന്വേഷിക്കാന്‍ വിദഗ്ധസംഘം, റോഡ് ബലപ്പെടുത്തല്‍ ഉടന്‍

 

കൊച്ചി: കലൂരില്‍ മെട്രോ സ്റ്റേഷന് സമീപം സ്വകാര്യ സ്ഥാപനത്തിന്റെ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. വിദഗ്ധസംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ റോഡും ഭൂമിയും ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. മെട്രോ റെയില്‍ കടന്നു പോകുന്ന തൂണുകളുടെ സ്ഥിതി പരിശോധിച്ച് കൂടുതല്‍ സംരക്ഷണം ആവശ്യമെങ്കില്‍ അതിനും നിര്‍ദേശം നല്‍കും.

പൊതുമരാമത്ത് റോഡ്‌സ് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ടി.കെ. ബല്‍ദേവ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം.ടി. ഷാബു, കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ റെജീന ബീവി, അബ്ദുള്‍ കലാം (കെ.എം.ആര്‍.എല്‍), ഡോ. ബാബു ജോസഫ്, സ്ട്രക്ചറല്‍ എഞ്ചിനീയറിങ് വിദഗ്ധന്‍ ഡോ. അനില്‍ ജോസഫ് എന്നിവരാണ് വിദഗ്ധ സംഘത്തിലെ അംഗങ്ങള്‍. കെട്ടിടം ഇടിഞ്ഞു താഴ്ന്നതിന് സമീപമുള്ള മറ്റ് കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സ്ഥിതിയും സംഘം പരിശോധിക്കും. റോഡ് ബലപ്പെടുത്തിയ ശേഷമേ ഇതു വഴിയുള്ള ഗതാഗതം പുനരാരംഭിക്കുകയുള്ളൂവെന്നും കളക്ടര്‍ അറിയിച്ചു.

date