Skip to main content

കുന്നത്തുനാട് താലൂക്കിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ  അടിയന്തര  യോഗം ചേർന്നു.  

 

എറണാകുളം : മെയ് 14 , 15  തീയതികളിൽ ജില്ലയിൽ  ഓറഞ്ച് അലെർട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ
കുന്നത്തുനാട് താലൂക്കിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ  അടിയന്തര  യോഗം ഓൺലൈനായി ചേർന്നു . കുന്നത്തുനാട് താലൂക്ക് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും വെള്ളപ്പൊക്കം ബാധിക്കാൻ ഇടയുള്ള പ്രദേശങ്ങൾ  കണ്ടെത്തി. മുൻ വർഷ പ്രളയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കിയത്. കുന്നത്തുനാട് താലൂക്ക് പരിധിയിൽ വരുന്ന 13 പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ മുന്നൊരുക്കം നടത്തുന്നത്. കഴിഞ്ഞ വർഷത്തെ മഴയിൽ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെ ങ്കിലും ന്യൂനമർദ്ദസാധ്യത കണക്കിലെടുത്താണ് ക്യാമ്പുകൾ ഒരുക്കുന്നത്.

 വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള
ഓരോ പ്രദേശത്തും താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുവാനുള്ള ക്യാമ്പ് ആരംഭിക്കാൻ സൗകര്യമുള്ള സ്കൂൾ, മറ്റ് ഹാൾ എന്നിവ ഏതൊക്കെയെന്ന് യോഗത്തിൽ ചർച്ച ചെയ്തു. 

കോവിഡ് രോഗ വ്യാപനം കണക്കിലെടുത്തു പോസിറ്റീവ് ആയവർ , ക്വാറൻ്റീനിൽ കഴിയുന്നവർ, 60 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവരെ താമസിപ്പിക്കാൻ പ്രത്യേക സൗകര്യമൊരുക്കാൻ  മറ്റ് കെട്ടിടങ്ങൾ കൂടി കണ്ടെത്തണമെന്ന് യോഗം വിലയിരുത്തി.  നാല് തരത്തിലുള്ള ക്യാമ്പുകളാണ് ഒരുക്കുന്നത്. സാധാരണ ക്യാമ്പ് , കോവിഡ് പോസിറ്റീവ് ആയവർക്കുള്ള ക്യാമ്പ് , ക്വാറൻ്റീനിൽ കഴിയുന്നവർക്കുള്ള ക്യാമ്പ്, 60 വയസിന് മുകളിൽ പ്രായമുള്ളവർക്കായി പ്രത്യേക ക്യാമ്പ്
എന്നിങ്ങനെ നാല് തരത്തിലുള്ള ക്യാമ്പുകൾ ഒരുക്കാൻ തീരുമാനമായി.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളെ  മാറ്റിത്താമസിപ്പിക്കാൻ പ്രത്യേക താമസ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

വെള്ളത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ, ബോട്ട് സൗകര്യം, ജെസിബി ,ക്രെയിൻ, ഹിറ്റാച്ചി തുടങ്ങിയ വാഹനങ്ങളുടെ  ലഭ്യത എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു.

ഡെപ്യൂട്ടി കളക്ടർ പി.എൻ പുരുഷോത്തമൻ, തഹസിൽദാർ ഫ്രാൻസിസ് സാവിയോ, അഗ്നിശമന സേന വകുപ്പ് ഉദ്യോഗസ്ഥൻ അസയിനാർ, ജോയിൻ്റ് ആർ ടി ഒ സുരേഷ് കുമാർ ,പഞ്ചായത്ത് -മുനിസിപ്പാലിറ്റി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date