Skip to main content

കോവിഡ് ബാധിച്ച് മരിച്ച റേഷൻ വ്യാപാരികളുടെ ആശ്രിതർക്ക് ലൈസൻസ് ഫീസ് ഇളവ് നൽകും: മന്ത്രി

കോവിഡ് ബാധിച്ചു മരിച്ച റേഷൻ വ്യാപാരികളുടെ ആശ്രിതർക്ക് ലൈസൻസ് ഫീസ് ഇളവ് നൽകുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ പറഞ്ഞു. റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ കാരണങ്ങളാൽ സംസ്ഥാനത്ത് ലൈസൻസ് റദ്ദാക്കപ്പെട്ട റേഷൻ കടകളുടെ വിഷയത്തിൽ നിയമാനുസൃത പരിശോധന നടത്തി ലൈസൻസ് പുതുക്കുന്നതിന് നടപടി സ്വീകരിക്കും. ഓണം സ്‌പെഷ്യൽ കിറ്റ് ഉൾപ്പെടെയുള്ള റേഷൻ വിതരണം കാര്യക്ഷമമായി നിർവഹിക്കുന്നതിന് റേഷൻ വ്യാപാരികളുടെ സഹകരണം മന്ത്രി അഭ്യർത്ഥിച്ചു. റേഷൻ ക്ഷേമനിധി ബോർഡിന് കൂടുതൽ തുക അനുവദിച്ച് പ്രവർത്തനം കാര്യക്ഷമമാക്കും. റേഷൻ വ്യാപാരികൾക്ക് പുതിയതായി ഏർപ്പെടുത്തിയ കോവിഡ് ഇൻഷുറൻസ് പദ്ധതി വ്യാപാരി സംഘടനാ നേതാക്കൾ സ്വാഗതം ചെയ്തു. ഇതിനെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയായി ഉയർത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
അനർഹർ മുൻഗണനാ കാർഡ് തിരിച്ച് ഏൽപ്പിക്കണമെന്ന ഭക്ഷ്യവകുപ്പിന്റെ യജ്ഞത്തിൽ മുഴുവൻ റേഷൻ വ്യാപാരികളും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനും കിറ്റ് വിതരണത്തിലും പൂർണ സഹകരണവും പിന്തുണയും വ്യാപാരികൾ വാഗ്ദാനം ചെയ്തു.
പി.എൻ.എക്സ് 2347/2021

date