Skip to main content

വിപണി ഇടപെടൽ ശക്തമാക്കി സപ്ലൈകോ

*മൊബൈൽ വിൽപന ശാലകൾ ഇന്ന് (നവം.30) മുതൽ
വിലക്കയറ്റത്തെ പ്രതിരോധിക്കാൻ വിപണി ഇടപെടൽ ശക്തമാക്കി ഇന്ന് മുതൽ ഡിസംബർ 9 വരെ സപ്ലൈകോയുടെ മൊബൈൽ വിൽപ്പനശാലകൾ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളിലെത്തി സബ്‌സിഡി സാധനങ്ങൾ വിതരണം നടത്തും.
തിരുവനന്തപൂരം, വയനാട്, കാസർഗോഡ് ജില്ലകളിലെ 150 കേന്ദ്രങ്ങളിൽ മൊബൈൽ വിൽപ്പനശാലകൾ എത്തി 30നും ഡിസംബർ ഒന്നിനും സാധനങ്ങൾ വിതരണം നടത്തും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ 8 മണിക്ക് പാളയം മാർക്കറ്റിന് സമീപം ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. മൊബൈൽ വിൽപ്പനശാലകളുടെ ജില്ലാ-താലൂക്ക് തലത്തിലുള്ള ഫ്‌ളാഗ് ഓഫ് എം.എൽ.എ-മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അതതു കേന്ദ്രങ്ങളിൽ നിർവഹിക്കും.
ഒരു ജില്ലയിൽ അഞ്ച് മൊബൈൽ വിൽപ്പനശാലകളുടെ സേവനം രണ്ട് ദിവസങ്ങളിലായി പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മൊബൈൽ യൂണിറ്റ് ഒരു ദിവസം അഞ്ച് കേന്ദ്രങ്ങളിലെത്തും. രണ്ടു ദിവസങ്ങളിൽ 10 കേന്ദ്രങ്ങൾ സന്ദർശിച്ച് സബ്‌സിഡി സാധനങ്ങൾ വിൽപ്പന നടത്തും. അഞ്ച് മൊബൈൽ യൂണിറ്റുകൾ രണ്ട് ദിവസങ്ങളിലായി 50 കേന്ദ്രങ്ങളിൽ സബ്‌സിഡി സാധനങ്ങൾ വിതരണം ചെയ്യും.
മൊബൈൽ വിൽപ്പനശാലകളുടെ മറ്റു ജില്ലകളിലെ സന്ദർശന സമയം: കൊല്ലം, കോഴിക്കോട്, കണ്ണൂർ (ഡിസംബർ 2, 3)  പത്തനംതിട്ട, പാലക്കാട്, മലപ്പുറം (ഡിസംബർ 4, 5)  ആലപ്പുഴ, തൃശ്ശൂർ (ഡിസംബർ 6, 7)  ഇടുക്കി, കോട്ടയം, എറണാകുളം (ഡിസംബർ 8, 9). സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങളും മൊബൈൽ വിൽപനശാലകളിൽ ലഭിക്കും.
പി.എൻ.എക്സ്. 4778/2021

date