Skip to main content

സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരത നടപ്പാക്കും: മന്ത്രി

കാലവർഷത്തിനും കാലാവസ്ഥയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ദുരന്തനിവാരണ സാക്ഷരത (ഡി.എം. ലിറ്ററസി) നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
കേരള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ  സന്ദർശിച്ച് കാലാവസ്ഥ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദുരന്തനിവാരണ നിയമം (2005), അതിന്റെ ചട്ടങ്ങൾ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ പ്രവർത്തനങ്ങൾ, ദുരന്തത്തിന് ഇരയായവർക്ക് ലഭിക്കുന്ന സഹായങ്ങൾ, ദുരന്തനിവാരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട മുൻഗണന നൽകുന്ന കാര്യങ്ങൾ എന്നിവയെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഡി. എം ലിറ്ററസിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ ദുരന്ത നിവാരണ സാക്ഷരത പാഠ്യവിഷയമാക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ, ദുരന്തനിവാരണ വകുപ്പുകൾ ദുരന്ത നിവാരണ സാക്ഷരതയ്ക്കായുള്ള  സിലബസ് തയ്യാറാക്കുന്നതിന് പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച നടത്തി ആരംഭിച്ചു കഴിഞ്ഞു എന്നും കെ.രാജൻ പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായി  ഏകോപനത്തിലൂടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് തലം വരെ എത്തിച്ച സംസ്ഥാനമാണ് കേരളം. ഇതുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന 'ജവാദ്' ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാകുമെന്ന് കരുതുന്നില്ലെന്നും എങ്കിലും പൊതുവായ ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 4804/2021

date