Skip to main content
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്

തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡുതലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് നടത്തിയ ഓണ്‍ലൈന്‍ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് വലിയ പങ്കാണുള്ളത്. ജില്ലയില്‍ മാതൃകാപരമായ വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ നടത്തണം. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കണം. സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണം. ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. ഓക്സിജന്‍ ഉത്പാദനത്തില്‍ ജില്ല സ്വയം പര്യാപ്തമാണ്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പാക്കും. ഫെബ്രുവരി പതിനഞ്ചോടു കൂടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പുതിയ ഐസിയു സ്ഥാപിക്കും. കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക സൗകര്യങ്ങള്‍ ഒരുക്കും.  കോവിഡ് ഒക്യുപന്‍സി ഡാറ്റ അപ്ഡേറ്റ് ചെയ്തു തരാത്ത ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ കിടക്കകള്‍ നീക്കിവയ്ക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവ ചെയ്യുന്നില്ല. അതിനൊരു തീരുമാനം ഉണ്ടാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്നും ജില്ലയിലെ  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച വരുത്താന്‍ പാടില്ലെന്നും മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡിന്റെ ആദ്യഘട്ടത്തില്‍ ഇടപെട്ടതു പോലെയുള്ള സമീപനവും മുന്‍കരുതലും തയാറെടുപ്പുകളും സ്വീകരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പൊതുയോഗങ്ങള്‍ ഒന്നും തന്നെ അനുവദിക്കുകയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പഞ്ചായത്തുതലത്തില്‍ കോള്‍ സെന്ററുകള്‍ സജീവമാക്കണം. ആംബുലന്‍സ് സൗകര്യം വേണ്ടവര്‍ക്ക് നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, എന്‍എച്ച്എം ഡിപിഎം ഡോ. ശ്രീകുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date