Skip to main content

പള്ളിക്കുളത്തെ റോഡ് അപകടങ്ങൾ: താൽക്കാലിക പരിഹാരത്തിന് റിപ്പോർട്ട്‌ തേടി

 

 

*:സിറ്റി റോഡ് പ്രവൃത്തി വേഗത്തിലാക്കാനും നിർദേശം 

 

പള്ളിക്കുളം മണ്ഡപം ജംഗ്ഷനിലെ അപകടങ്ങൾ ഒഴിവാക്കാൻ സിറ്റി റോഡ് വികസന പദ്ധതി പ്രവൃത്തി വേഗത്തിലാക്കണമെന്ന് ഇത് സംബന്ധിച്ച് ചേർന്ന കെ വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. അടിയന്തര പരിഹാരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് റിപ്പോർട്ട്‌ തയ്യാറാക്കി സമർപ്പിക്കാൻ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ദിവസം പള്ളിക്കുളത്ത് ടാങ്കർ ലോറിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരായ രണ്ടുപേർ മരിച്ചിരുന്നു. പ്രദേശത്തെ അപകട സാധ്യത ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയതിനെ തുടർന്നാണ് എം എൽ എ സ്ഥലത്ത് പരിശോധന നടത്തിയത്.

സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രവൃത്തി  പൂര്‍ത്തിയാകുന്നതോടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന്  അദ്ദേഹം ഉറപ്പ് നൽകി. അതിന് മുമ്പ് സാധ്യമായ പ്രായോഗിക  നടപടികൾ നിർദേശിക്കാനാണ് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രഡിഡണ്ട് പി ശ്രുതി, വൈസ് പ്രസിഡണ്ട് പി അനില്‍കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍ സുകന്യ, ആര്‍ ടി ഒ എസ് ഉണ്ണികൃഷ്ണൻ, വളപട്ടണം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ്, എഞ്ചിനീയര്‍മാർ എന്നിവർ എം എൽ എ ക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ റോഡിന് വീതി കുറവായതിനാൽ ഡി വൈഡർ സ്ഥാപിക്കുക ബുദ്ധിമുട്ടാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബസ് സ്റ്റോപ്പ്‌ മാറ്റി സ്ഥാപിക്കുന്നതിനു സ്ഥല പരിമിതിയും തടസമാണ്. ഈ സാഹചര്യത്തിലാണ് താൽക്കാലിക നടപടി സംബന്ധിച്ച് വിദഗ്ധ അഭിപ്രായം ബന്ധപ്പെട്ടവരിൽ നിന്ന് തേടി യതെന്നും എം എൽ എ പറഞ്ഞു.

date