Skip to main content

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, ആരുടേയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കില്ല: മുഖ്യമന്ത്രി

കറുത്ത നിറത്തിലുള്ള വസ്ത്രവും മാസ്‌കും ധരിക്കാൻ പാടില്ലെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം സംസ്ഥാനത്തു നടക്കുന്നുണ്ടെന്നും ഏതെങ്കിലും പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാൻ പാടില്ലെന്ന നിലപാട് സർക്കാരിനെല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എല്ലാവർക്കും ഇഷ്ടമുള്ള നിറത്തിൽ വസ്ത്രം ധരിക്കാൻ അവകാശമുണ്ട്. നാട്ടിൽ വഴി നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരു കാരണവശാലുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗ്രന്ഥശാലാ പ്രവർത്തക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വഴി തടയുകയാണെന്നു പറഞ്ഞ് ഒരുകൂട്ടർ സംസ്ഥാനത്തു കൊടുമ്പിരികൊണ്ട പ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വഴിനടക്കാനുള്ള സ്വാതന്ത്രം ഒരുകൂട്ടർക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തിൽ ഇടപെടുന്ന ചില ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധ കേരളം അതു സമ്മതിക്കില്ല. കറുപ്പു നിറത്തിലുള്ള വസ്ത്രവും മാസ്‌കും ധരിക്കാൻ പറ്റില്ലെന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണം കുറച്ചു ദിവസമായി നടക്കുന്നുണ്ട്. ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനു വേണ്ടി വലിയ പ്രക്ഷോഭങ്ങൾ നടന്ന നാടാണിത്. മുട്ടിനുതാഴെ മുണ്ടുടുക്കാനും മാറുമറയ്ക്കാനുമുള്ള അവകാശങ്ങൾക്കായി വലിയ പോരാട്ടം ഇവിടെ നടന്നിട്ടുണ്ട്. അങ്ങനെയാണ് ആ അവകാശങ്ങൾ നേടിയെടുത്തത്. ഏതെങ്കിലും തരത്തിൽ അവ ഹനിക്കുന്ന പ്രശ്നമേയില്ല.
എത്ര തെറ്റിദ്ധാരണാജനകമായാണു ചില ശക്തികൾ നിക്ഷിപ്ത താത്പര്യത്തോടെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നതു മനസിലാക്കണം. അതിന്റെ ഭാഗമായാണു കറുത്ത ഷർട്ടും കറുത്ത മാസ്‌കും പാടില്ല എന്നു കേരളത്തിലെ സർക്കാർ നിലപാടെടുത്തിരിക്കുന്നുവെന്ന പ്രചാരണം വന്നിട്ടുള്ളത്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതിനാൽ ഒരുപാടു കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. അക്കൂട്ടത്തിൽ ഇതൂകൂടി ചേർത്തു പ്രചരിപ്പിക്കുകയാണെന്നതു തിരിച്ചറിയണം. നാടിന്റെ പ്രത്യേകത എല്ലാ രീതിയിലും കാത്തുസൂക്ഷിക്കാൻ നാം പ്രതിജ്ഞാബ്ധമാണ്. അക്കാര്യത്തിൽ സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും. അതിനെതിരായി നീങ്ങുന്ന ശക്തികൾക്കു തടയിയാൻ സർക്കാർ പ്രത്യേക ശ്രദ്ധയോടെ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 2496/2022

date