Skip to main content
മഴ നടത്തം

കയാക്കിങ് മത്സരത്തിന്റെ മുന്നോടിയായി തുഷാരഗിരിയിൽ സ്ത്രീകളുടെ മഴ നടത്തം

മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം  സംഘടിപ്പിച്ച സ്ത്രീകളുടെ മഴനടത്തം ശ്രദ്ധേയമായി. മഴയെ വകവെക്കാതെ 35 ലേറെ സ്ത്രീകൾ തുഷാരഗിരിയിൽ ഒത്തുകൂടി, കാഴ്ചകൾകണ്ട് മഴയോടൊപ്പം അവർ നടന്നത് 6 കിലോമീറ്റർ ദൂരം. രാവിലെ 9.30 ന് തുഷാരഗിരി ഡി.ടി.പി.സി സെന്ററിൽ നിന്നും ആരംഭിച്ച നടത്തം ലിന്റോ ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേള്‍ഡ് ഓഫ് വുമൺ, ലിസ കോളേജ് കൈതപ്പൊയിൽ എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഐവറി ഹോം സ്റ്റേ തുഷാരഗിരിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. മഴനടത്തം വട്ടച്ചിറയിൽ സമാപിച്ചു. 
 
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയില്‍ വെച്ചാണ് മത്സരം. 

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വൈസ് പ്രസിഡന്റ് ലിസി ചാക്കോ, സ്ഥിരം സമിതി അംഗം ജോസ് പെരുമ്പള്ളി, പഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ, റിയാനസ് സുബൈർ,ലീലാമ്മ കണ്ടത്തിൽ,സിസിലി കൊട്ടുപ്പള്ളിൽ, റോസിലി മാത്യു, സാഹസിക ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, സംഘാടക സമിതി അംഗങ്ങളായ പോൾസൻ അറക്കൽ, മറ്റു ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

date