Skip to main content

ജീവിതശൈലീ രോഗ നിര്‍ണയ സേവനം ഉപയോഗിച്ചത് എട്ട് ലക്ഷത്തിലധികം പേര്‍: മന്ത്രി വീണ ജോര്‍ജ്

**30 വയസിന് മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലീ രോഗനിര്‍ണയം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി
**മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു

ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് നടത്തുന്ന ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് സേവനം സംസ്ഥാനത്ത് എട്ടുലക്ഷത്തി മുപ്പതിനായിരത്തിലധികമാളുകള്‍ ഉപയോഗിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ മുപ്പത് വയസിന് മുകളിലുള്ള ഒന്നേമുക്കാല്‍ കോടി ജനങ്ങളുടേയും ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഈ ക്യാമ്പയിനിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുകയാണ് ചെയ്തത്. ഇതിലൂടെ ജീവിതശൈലീ രോഗ സാധ്യതയുള്ളവരെ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ജീവിതശൈലീ രോഗങ്ങളും ക്യാന്‍സറും നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് രോഗം സങ്കീണമാകാതിരിക്കാനും വേഗത്തില്‍ രോഗമുക്തി നേടാനും സഹായിക്കും. വലിയൊരു ജനവിഭാഗത്തെ ഇത്തരം രോഗങ്ങളില്‍ നിന്നും മുക്തരാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെയും ബ്ലോക്ക് തല ആരോഗ്യമേളയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി.

ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 1,44,12,407 (ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷത്തി പന്ത്രണ്ടായിരത്തി നാന്നൂറ്റി ഏഴ്) രൂപയാണ് ചെലവായത്. കൂടാതെ യൂണിറ്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി ഒരു പദ്ധതി 2022-23 സാമ്പത്തികവര്‍ഷത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. 40 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നേമം ബ്ലോക്കിലെ 7 പഞ്ചായത്തുകളിലെയും കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ നല്ലൊരു ശതമാനം ജനങ്ങള്‍ക്കും യൂണിറ്റ് പ്രയോജനപ്പെടും. ഇതിനുപുറമെ നേമം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും ഡയാലിസിസ് സേവനങ്ങള്‍ മിതമായ നിരക്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭ്യമായവര്‍ക്ക് പൂര്‍ണമായും സൗജന്യമായും ലഭിക്കും. വിദഗ്ദ്ധ പരിശീലനം നേടിയ ഡയാലിസിസ് ടെക്‌നീഷ്യന്‍, നഴ്‌സിംഗ് ഓഫീസര്‍മാര്‍, ക്ലീനിങ് സ്റ്റാഫ്, ഡോക്ടര്‍ തുടങ്ങിയ ജീവനക്കാരെ യൂണിറ്റിലേക്ക് നിയോഗിച്ചിട്ടുണ്ട്.

ഇതോടൊപ്പം നടന്ന ആരോഗ്യമേളയില്‍, പൊതുജനാരോഗ്യമേഖലയില്‍ നടപ്പാക്കുന്ന വിവിധ ആരോഗ്യ പദ്ധതികളുടെ പ്രദര്‍ശനം, ബോധവത്കരണ ക്ലാസുകള്‍, ഹോമിയോ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍, കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്, ജീവിതശൈലി രോഗ പ്രതിരോധ സ്റ്റാള്‍, എച്ച് ഐ വി / എയ്ഡ്‌സ് ടെസ്റ്റിംഗ് ആന്‍ഡ് കൗണ്‍സിലിങ് സ്റ്റാള്‍, ഐ സി ഡി എസ് കുടുംബശ്രീ സ്റ്റാള്‍, സാന്ത്വന പരിചരണം / ഫിസിയോതെറാപ്പി സേവന സ്റ്റാള്‍,  ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ തത്സമയം എടുക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്റ്റാള്‍, ബോധവത്കരണ റാലി തുടങ്ങിയവയും സംഘടിപ്പിച്ചു.

നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഐ ബി സതീഷ് എം എല്‍ എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date