Skip to main content

അരുവിക്കര എല്‍.പി.എസിന് 1.20 കോടിയുടെ പുതിയ മന്ദിരം

**ജി സ്റ്റീഫന്‍ എംഎല്‍എ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021- 22 പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന അരുവിക്കര എല്‍ പി എസിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജി. സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മണ്ഡലത്തിലെ സ്‌കൂളുകളില്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കി വരിയാണെന്ന് എംഎല്‍എ പറഞ്ഞു. മികച്ച പശ്ചാത്തല ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതോടെ പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ ജനപ്രിയമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ മണ്ഡലത്തിലെ ആറ് സ്‌കൂളുകള്‍ക്കാണ് നിര്‍മ്മാണ അനുമതി ലഭിച്ചത്. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നാലും തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ രണ്ടും സ്‌കൂളുകള്‍ക്കാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പഠന സൗകര്യങ്ങള്‍ക്കൊപ്പം കുട്ടികളുടെ കലാ കായിക വാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

എല്‍.പി വിഭാഗത്തില്‍ 290കുട്ടികളും, നഴ്‌സറി വിഭാഗത്തില്‍ 119 കുട്ടികളുമാണ് അരുവിക്കര എല്‍.പി.എസില്‍ പഠിക്കുന്നത്. ഇരു നിലകളിലായി ആറ് ക്ലാസ്് മുറികളുള്ള കെട്ടിടത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും സ്‌കൂളിലെ പാചകപ്പുര നവീകരണത്തിനായി 20ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അരുവിക്കര ഗവണ്‍മെന്റ് എല്‍ പി എസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു അധ്യക്ഷനായിരുന്നു. വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date