Skip to main content

വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ കൃഷിത്തോട്ടമൊരുക്കണം : മന്ത്രി പി.പ്രസാദ്

*സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദേശീയ ഹരിത സേന -സ്‌കൂള്‍ ഇക്കോ ക്ലബ് ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

മനുഷ്യജീവിതം നിലനില്‍ക്കുന്നത് മണ്ണിലാണെന്നും വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കാനായി വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ കൃഷിതോട്ടം തയ്യാറാക്കണമെന്നും മന്ത്രി പി. പ്രസാദ്. എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പ്രകൃതി സംരക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദേശീയ ഹരിത സേന - സ്‌കൂള്‍ ഇക്കോ ക്ലബിന്റെയും ഒരേക്കര്‍ ജൈവ കൃഷിതോട്ടത്തില്‍ ആരംഭിക്കുന്ന പച്ചക്കറികൃഷിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളിലാണ് നാടിന്റെ പ്രതീക്ഷ. പ്രകൃതി സംരക്ഷണത്തിന് കുട്ടികളുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. മാര്‍ ഗ്രിഗോറിയസ് ഹരിത പുരസ്‌കാരം ഉള്ളൂര്‍ കൃഷിഭവനിലെ കൃഷിഓഫീസര്‍ സഞ്ജയ്ക്ക് മന്ത്രി നല്‍കി.തുടര്‍ന്ന്, വിദ്യാര്‍ഥികളും അധ്യാപകരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതിബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദേശീയ ഹരിതസേനയില്‍ തിരുവനന്തപുരം ജില്ലയിലെ 300 സ്‌കൂളുകളില്‍ നിന്നായി 15,000 ഗ്രീന്‍ വോളന്റിയര്‍മാര്‍ പരിസ്ഥിതി പ്രവര്‍ത്തനം നടത്തി വരുന്നു. സെന്റ് മേരീസ് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു. ടി, വാര്‍ഡ് കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.

date