Skip to main content
വൈപ്പിൻ ഉപജില്ല കലോത്സവം സ്വാഗതസംഘം രൂപീകരണ യോഗം ചെറായി എസ്.എം.എച്ച്.എസ്. സ്കൂളിൽ കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ഉപജില്ല സ്‌കൂൾ കലോത്സവം ചെറായിയിൽ: ജനകീയ മേളയായി സംഘടിപ്പിക്കും

 

ഉപജില്ല സ്‌കൂൾ കലോത്സവം ജനകീയ മേളയായി ഉന്നത നിലവാരത്തിൽ സംഘടിപ്പിക്കുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് മൂലം രണ്ടുവർഷത്തെ ഇടവേളയ്‌ക്കു ശേഷം അരങ്ങൊരുങ്ങുന്ന സ്‌കൂൾ കലോത്സവം സഹകരണ, വ്യാപാരസ്ഥാപനങ്ങളുടെ ഉൾപ്പെടെ ബഹുജന പങ്കാളിത്തത്തോടെ ഏറ്റവും മികച്ച രീതിയിൽ നടത്തും. ലഹരിവിരുദ്ധ കാമ്പയിന് കരുത്തേകുന്ന വിധത്തിലുമാകും കലോത്സവമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

അടുത്തമാസം 21 മുതൽ 24 വരെ ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂൾ കേന്ദ്രീകരിച്ചാണ് എൽ.പി, യുപി, എച്ച്.എസ്, എച്ച്.എസ്.എസ്, അറബിക്, സംസ്‌കൃതം ഉൾപ്പെടെ വിഭാഗങ്ങളിൽ കലോത്സവം. സംഘാടക സമിതി യോഗത്തിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷത വഹിച്ചു. 

എ.ഇ.ഒ ഇബ്രാഹിംകുട്ടി രയരോത്ത്, ഗ്രാമ പഞ്ചായത്ത് അംഗം രാധിക സതീഷ്, സ്‌കൂൾ മാനേജർ ജയപ്പൻ, വി.വി സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ, പ്രധാനാധ്യാപിക എ.ജി ജെയ്‌സി, പിടിഎ പ്രസിഡന്റ് പ്രദീപ് ശോണ, ബെൻസിർ, ബാബുരാജ്, അനിൽകുമാർ, ഗിരിജ രാജൻ, ഷൈൻ, സഭ കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ, അധ്യാപകർ, പൊതുപ്രവർത്തകർ പങ്കെടുത്തു.

ഹൈബി ഈഡൻ എം.പി, കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ എന്നിവർ മുഖ്യരക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡിഇഒ സുധർമ്മ എന്നിവർ ചെയർപേഴ്‌സൺമാരും എസ്.എം.എച്ച്.എസ് പ്രധാനാധ്യാപിക എ.ജി ജെയ്‌സി ജനറൽ കൺവീനറും എഇഒ ഇബ്രാഹിംകുട്ടി രയരോത്ത് ട്രഷററുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഉപജില്ലയിലെ കല - സാംസ്‌കാരിക, സാമൂഹ്യ, സഹകരണ, പൊതുരംഗങ്ങളിലെ പ്രമുഖരും പോലീസ്, ഫയർ ഫോഴ്‌സ്, എക്സൈസ്, ഹെൽത്ത്, കെഎസ്ഇബി, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെയും അധ്യാപക, യുവജന, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികളും സംഘാടക സമിതിയിൽ അംഗങ്ങളായിരിക്കും.

date