Skip to main content

ആലപ്പുഴ നഗരചത്വരം: നവീകരണം നാലുമാസത്തിനകം

ആലപ്പുഴ: ആലപ്പുഴ നഗരത്തിന്റെ മുഖമുദ്രയായ നഗരചത്വരത്തിന്റെ പ്രൗഢി കൂട്ടി ആധുനികമാക്കുന്നു. 2022-23 വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയ മൂന്നു കോടി രൂപ വിനിയോഗിച്ചാണ് നഗരചത്വരത്തിന്റെ മോടി കൂട്ടി വിനോദ- സാംസ്‌കാരിക കേന്ദ്രമാക്കുന്നത്. 

മേല്‍ക്കൂര നിര്‍മാണം, സ്റ്റേജിന് മോഡി കൂട്ടല്‍, ബാല്‍ക്കണി നിര്‍മാണം, ടൈല്‍ പാകല്‍ തുടങ്ങിയ നവീകരണങ്ങള്‍ നടത്തിയാണ് നഗരചത്വരത്തെ ആധുനികമാക്കി മാറ്റുന്നത്. നഗരചത്വരത്തെ ആധുനികവത്കരിക്കുക എന്ന ആശയം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യായിരുന്നു മുന്നോട്ട് വെച്ചത്. മേല്‍ക്കൂര നിര്‍മിക്കുന്നതോടെ പകല്‍ സമയങ്ങളിലും ഇവിടെ പരിപാടികള്‍ നടത്താന്‍ സാധിക്കും. ബാല്‍ക്കണി നിര്‍മിക്കുന്നതോടെ ഒരേ സമയം 1500 പേരെ വരെ ഉള്‍ക്കൊള്ളിക്കാനാകും. പൊതു ഇടങ്ങള്‍ കുറവുള്ള നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന നഗരചത്വരം കലാപരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കുമുള്ള വേദിയായാണ് നിലവില്‍ ഉപയോഗിക്കുന്നത്. 

ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ., നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നു. 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയിലൂടെ യോഗത്തില്‍ പദ്ധതി വിശദീകരിച്ചു. ആലപ്പുഴയിലെ ഒരു കൂട്ടം യുവ ആര്‍ക്കിടെക്ടുമാരാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

നാല് മാസത്തിനുള്ളില്‍ നവീകരണം തുടങ്ങാനാണ് തീരുമാനം. ഇതിനായി എത്രയും വേഗം എസ്റ്റിമേറ്റെടുത്ത് ടെണ്ടര്‍ നടപടി ആരംഭിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി ഡൈനിംഗ് റൂം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി. 

ആലപ്പുഴ നഗരസഭയില്‍ പി.പി. ചിത്തരഞ്ജന്‍ ചെയര്‍മാനായിരുന്ന ഭരണസമിതിയാണ് നഗരചത്വരം നിര്‍മിച്ചത്. രണ്ടേകാല്‍ കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച നഗരചത്വരം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്. 2012 ലായിരുന്നു നഗരചത്വരത്തിന്റെ ഉദ്ഘാടനം.

യോഗത്തില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. രാധാകൃഷ്ണന്‍ പിള്ള, പ്രോജക്ട് എന്‍ജിനീയര്‍ എസ്.എസ്. വിനോദ്കുമാര്‍, ആര്‍ക്കിടെക്ടുമാരായ അര്‍ജുന്‍ എസ്. കുമാര്‍, ഷിജിന്‍ രാജ്, ശരത്, ഡി.ടി.പി.സി. സെക്രട്ടറി ലിജോ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

date