Skip to main content

നവ്യാനുഭവമായി ഭിന്നശേഷി കുട്ടികളുടെ പ്രാദേശിക പഠനയാത്ര; വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ഥികൾ 

 

 

 

ഭിന്നശേഷിക്കാര്‍ക്ക് കലക്ടറാകാന്‍ കഴിയുമോ എന്ന ചോദ്യവുമായാണ് നിലമ്പൂര്‍ ബി.ആര്‍.സിയുടെ ഭിന്നശേഷി കുട്ടികളുടെ സംഘം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന് മുന്നിലെത്തിയത്. ആദ്യം മിഠായിയും പിന്നെ അതിലേറെ മധുരമായി കഴിയും എന്ന മറുപടിയുമാണ് കലക്ടര്‍ കുട്ടികള്‍ക്ക് നല്‍കിയത്. ഭിന്നശേഷി കുട്ടികള്‍ക്ക് സാമൂഹിക ജീവിത ചുറ്റുപാടുകളെ നേരിട്ട് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായി നിലമ്പൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാദേശിക പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കലക്ടറുടെ ചേംബറിലെത്തിയത്.

 

കുട്ടികളുമായി സംവദിച്ച കലക്ടര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയെ സംബന്ധിച്ച് വിശദീകരിക്കുകയും ഭിന്നശേഷി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളോടൊപ്പം നിന്ന് ഫോട്ടോയും എടുത്താണ് കലക്ടര്‍ അവരെ യാത്രയാക്കിയത്. ജില്ലാ കലക്ടറെ കൂടാതെ ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെയും നിലമ്പൂര്‍ ഉപജില്ലയിലെ 25 ഭിന്നശേഷി കുട്ടികളും സ്‌പെഷ്യല്‍ എഡുക്കേറ്റര്‍മാരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ചു.

 

ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കി. കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം അവരുന്നയിച്ച വിവിധ ആവശ്യങ്ങള്‍ കേള്‍ക്കുകയും മറുപടി നല്‍കുകയും ചെയ്തു. ഭിന്നശേഷി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തൊഴില്‍ പരിശീലനം നല്‍കുന്നതിന് മൂത്തേടം പഞ്ചായത്തിലെ പനമ്പറ്റയില്‍ പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതികള്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കി നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുട്ടികളെ അറിയിച്ചു.

 

ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിയ കുട്ടികളുമായി മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് സുജിത് ദാസ്, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് എം. സുകുമാരന്‍ എന്നിവര്‍ സംവദിച്ചു. ഭിന്നശേഷി കുട്ടികള്‍ക്കും എസ്.പി.സിയില്‍ പ്രവേശനം നല്‍കണമെന്ന കുട്ടികളുടെ ആവശ്യം പരിശോധിക്കാമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നല്‍കി. ജനമൈത്രി പൊലീസിനെ സംബന്ധിച്ചും പൊലീസ് മേധാവി കുട്ടികളുമായി സംസാരിച്ചു.

 

ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോസഫ് റെബെല്ലോ കുട്ടികളുമായി സംവദിച്ചു. കൂടാതെ തെറാപ്പി സെന്ററുകള്‍ കാര്യക്ഷമമാക്കുന്നതിനും തൊഴില്‍ പരിശീലനത്തിനുമുള്ള കുട്ടികളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

 

ഭിന്നശേഷി കുട്ടികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍, ബാങ്ക്, പൊലീസ് സ്റ്റേഷന്‍, കോടതി, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങളുടെ സഹായത്തോടെ പോയി സന്ദര്‍ശനം നടത്തുന്നതിനും അവിടങ്ങളിലെ പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രാദേശിക പഠന യാത്ര സംഘടിപ്പിച്ചത്. നിലമ്പൂര്‍ ബിപിസി എം. മനോജ് കുമാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ റൂബി മാത്യൂ, ദീപ ജോസ്, സബിത്ത്, സജിന്‍, പ്രജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

date