Skip to main content

അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രയിനിംഗ് സെന്ററില്‍ സായാഹ്ന ഒ.പി.

ആലപ്പുഴ: അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രയിനിംഗ് സെന്ററില്‍ പുതുതായി ആരംഭിച്ച സായാഹ്ന ഒ.പി. എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  ദിവസവും 300 ഓളം രോഗികള്‍ എത്തുന്ന ഇവിടെ കിടത്തി ചികിത്സ ഉടന്‍ പുനരാരംഭിക്കും. ട്രെയിനിംഗ് സെന്ററിന്റെ വികസനത്തിനായി 20 കോടി രൂപ അനുവദിച്ചതായും എം.എല്‍.എ. പറഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി എട്ട് മണി വരെയാണ് സായാഹ്ന ഒ.പി.യുടെ പ്രവര്‍ത്തനം. ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നേഴ്‌സ്, അറ്റന്റര്‍ എന്നിവരുടെ സേവനവും ലഭിക്കും. 

രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെയുള്ള ഒ.പി.ക്ക് പുറമെയാണിത്. വ്യാഴാഴ്ചകളില്‍ ജീവിത ശൈലീ രോഗ ക്ലിനിക്, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം ഫിസിയോ തെറാപ്പി ഒ.പി., ആശുപത്രിക്ക് കീഴിലെ നാല് സബ് സെന്ററുകളില്‍ ചൊവ്വാഴ്ചകളില്‍ ഗര്‍ഭിണികള്‍ക്കായുള്ള ക്ലിനിക്, അമ്പലപ്പുഴ ബ്ലോക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലായി രണ്ട് പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങളും ലഭിക്കും. 

ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ശ്രീജ രതീഷ്, അംഗങ്ങളായ ജി. വേണു ലാല്‍, ശ്രീജ സുഭാഷ്, അഡ്വ.പ്രദീപ്തി സജിത്ത്, ആര്‍. ഉണ്ണി, പഞ്ചായത്തംഗം മനോജ് കുമാര്‍, എ.എം.ഒ. ഡോ.വി.ജി. അനുപമ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി മോഹന്‍, ഡോ.സുധിരാജ് എന്നിവര്‍ പങ്കെടുത്തു.

date