Skip to main content

വ്യവസായ പ്രദര്‍ശന മേളയ്ക്ക് തുടക്കം

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് മലപ്പുറം കോട്ടക്കുന്നില്‍ തുടക്കമായി. ജില്ലാ വ്യവസായ കേന്ദ്രം, ഏറനാട് താലൂക്ക് വ്യവസായ ഓഫീസ്, പെരിന്തല്‍മണ്ണ താലൂക്ക് വ്യവസായ ഓഫീസ് എന്നിവ സംയുക്തമായാണ് ജില്ലയില്‍ പരിപാടി സംഘടിപ്പിക്കുന്നത്.  മേളയുടെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു.  മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മലപ്പുറം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ. അബ്ദുള്‍ ലത്തീഫ്, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ്  പി.  ജുനൈദ്, കെ.എസ്.എസ്.ഐ.എ ഐ.പി.പി. ഹംസ ഹാജി,  കയര്‍ ഫെഡ് ഡയറക്ടര്‍ ഇ. ഇമ്പിച്ചിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ 2022-23 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. വിവിധതരം കരകൗശല ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാര്‍മെന്റ്‌സ് ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങി 143 യൂണിറ്റുകളാണ് പ്രദര്‍ശന മേളയില്‍ പങ്കെടുക്കുന്നത്. മേളയുടെ ഭാഗമായി കലാസാംസ്‌കാരിക പരിപാടികളും എല്ലാ ദിവസവും നടക്കും.  മേള 29 ന് സമാപിക്കും

date