Skip to main content

ശുചിത്വമിഷന്‍ 'ഹാക്കത്തോണ്‍'; ജനുവരി 31 വരെ അപേക്ഷിക്കാം

ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 4 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീന്റെ (ജിഇ എക്സ് കേരള 23)  ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്‌നപരിഹാരത്തിനുള്ള ആശയങ്ങളാണ് ഹാക്കത്തോണിലൂടെ ലക്ഷ്യം വെക്കുന്നത്. ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ്.

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ ഫെബ്രുവരി അഞ്ചാം തീയതി ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 25000 രൂപ, രണ്ടാം സ്ഥാനത്തിന് 15000 രൂപ, മൂന്നാം സ്ഥാനത്തിന് 10000 രൂപ എന്ന നിരക്കില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. 

ആശയങ്ങളിലെ പുതുമയും ആഴവും, ആശയം പ്രാവര്‍ത്തികമാക്കുന്നതിലുള്ള സാധ്യതകള്‍, പ്രായോഗികത, ഭാവിയിലെ സാധ്യതകള്‍, വാണിജ്യ മൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ പാനലായിരിക്കും വിധി നിര്‍ണ്ണയിക്കുന്നത്. ഹാക്കത്തോണില്‍ പങ്കെടുക്കുന്നതിനായി https://suchitwamission.org/see-all എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.suchitwamission.org സന്ദര്‍ശിക്കുക.

date