Skip to main content

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം; പരീക്ഷയ്ക്ക് അപേക്ഷിക്കാം

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി മത്സര പരീക്ഷ നടത്തുന്നു. 2023-24 അധ്യയന വര്‍ഷത്തെ പട്ടിക വര്‍ഗ്ഗ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി 2022-23 ൽ നാലാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ കുട്ടികള്‍ക്ക് മാര്‍ച്ച് 11ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രത്തിലാണ് പരീക്ഷ. 

പട്ടികവര്‍ഗ്ഗ സമുദായത്തില്‍ ഉള്‍പ്പെട്ടവരും വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പ്രത്യേക ദുര്‍ബല ഗോത്ര വര്‍ഗ്ഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല. പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍ വിലാസം, ജാതി, വാര്‍ഷിക വരുമാനം, വയസ്സ്, പഠിക്കുന്ന ക്ലാസ്സ്, പഠിക്കുന്ന സ്‌ക്കൂളിന്റെ പേരും വിലാസവും എന്നീ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സ്‌ക്കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം താമരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ കല്ലോട് ബ്ലോക്ക് ഓഫീസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ഫെബ്രുവരി 20ന്  വൈകുന്നേരം 5 മണിക്കു മുന്‍പ് സമര്‍പ്പിക്കണം. 

നിശ്ചിത തിയ്യതി കഴിഞ്ഞ് ലഭിക്കുന്നതോ മേല്‍ പരാമര്‍ശിച്ച പൂര്‍ണ്ണ വിവരങ്ങള്‍ രേഖപ്പെടുത്തതോ ആയ അപേക്ഷകള്‍  സ്വീകരിക്കുന്നതല്ല. അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല. അപേക്ഷ ഫോറത്തിന്റെ മാതൃക ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്/ട്രൈബല്‍  ഡവലപ്‌മെന്റ് ഓഫീസില്‍ നിന്നും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങുന്നതും പ്രത്യേക ട്യൂഷന്‍ നല്‍കുന്നതും അടക്കമുള്ള ധനസഹായം നല്‍കുന്നതാണ്.  ഇവയ്ക്ക് പുറമെ 10-ാം ക്ലാസ് വരെയുള്ള പഠനത്തിനായി പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് : 0495 2376364.

date