Skip to main content

ലഹരിമുക്ത കേരളം; നാടിനായി ഏവരും അണിനിരക്കണം- മന്ത്രി ആര്‍. ബിന്ദു

ലഹരിയില്ലാ തെരുവ് മാത്രമല്ല ലഹരിമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. 'ബോധപൂര്‍ണ്ണിമ ലഹരിമുക്ത ക്യാമ്പസ്' ക്യാമ്പയിനിന്റെ സംസ്ഥാനതല സമാപനവും എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ലഹരിമുക്ത നവകേരളം' രണ്ടാം ഘട്ട ക്യാമ്പെയിനിന്റെ സമാപനവും കാരാപ്പുഴ മെഗാ ടൂറിസം ഗാര്‍ഡനില്‍ നടത്തിയ 'ലഹരിയില്ലാ തെരുവ്' മെഗാ ഇവന്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  വിമുക്തി ക്ലബുകളുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ കലാലയങ്ങളിലും വിദ്യാലയങ്ങളിലും വ്യാപകമായ നിലയിലുള്ള പ്രചാരണ പരിപാടികളാണ് നടന്നത്. എക്‌സൈസ് വകുപ്പ് ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിവിധ പരിപാടികള്‍ നടത്തി. ലഹരി വസ്തുക്കള്‍ സഹപാഠികളുടെ ബോധവത്ക്കരണത്തിലൂടെ വിദ്യാര്‍ത്ഥി സേനകളായ എന്‍.എസ്.എസ്, എന്‍.സി.സി കൂട്ടായ്മയില്‍ ഉണ്ടായിട്ടുള്ള ലഹരിവിരുദ്ധ കര്‍മ്മസേനയായ 'ആസാദ്' (ഏജന്റ്‌സ് ഫോര്‍ സോഷ്യല്‍ അവെയര്‍നെസ്സ് എഗൈന്‍സ്റ്റ് ഡ്രഗ്‌സ്) ഏറെ അഭിമാനകരമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ലഹരി മാഫിയ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ലഹരിക്കെതിരെയുള്ള പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്നും എല്ലാ ആളുകളിലേക്കും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ എത്തുന്നത് വരെ ഈ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടിയായ 'ലഹരിമുക്ത നവകേരളം' പദ്ധതിയുടെ രണ്ടാംഘട്ടം ക്യാമ്പയിന്‍ 2022 നവംബര്‍ 14 നാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും, വിവിധ വകുപ്പുകളുടെയും, യുവജന ക്ഷേമ ബോര്‍ഡ്, എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ് എന്നിവയുടെയും മറ്റു യുവജന സംഘടനകളുടെയും സഹകരണത്തോടെയാണ് 'ലഹരിയില്ലാ തെരുവ്' നടപ്പിലാക്കിയത്. കാരാപ്പുഴ മെഗാ ടൂറിസം കേന്ദ്രത്തിലെ മൂന്നു വേദികളിലായി ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ് ഷാജി, വാര്‍ഡ് മെമ്പര്‍മാരായ പി.ജി സജീവ്, സി. രാജി, സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്‍സില്‍ മെമ്പര്‍ കെ. റഫീഖ്, യുവജന ക്ഷേമ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.  

date