Skip to main content

ബോധപൂര്‍ണ്ണിമ; രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രചാരണം സമാപിച്ചു

ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തിയ 'ബോധപൂര്‍ണ്ണിമ' രണ്ടാംഘട്ട ക്യാമ്പയിനിന്റെ സംസ്ഥാനതല സമാപനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കാരാപ്പുഴ മെഗാ ടൂറിസം ഗാര്‍ഡനില്‍ നടന്ന സമാപന ചടങ്ങില്‍ 'ബോധപൂര്‍ണ്ണിമ' പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ഓഫ് ഡ്രാമ ഒരുക്കിയ 'മുക്തധാര: ലഹരിമുക്ത ക്യാമ്പസ്' നാടകത്തിന്റെ സംസ്ഥാനതല പര്യടനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'ലഹരിയില്ലാ തെരുവ്' പരിപാടികളിലെ പ്രധാന ഇനമായാണ് സ്‌കൂള്‍ ഓഫ് ഡ്രാമ ഒരുക്കിയ 'മുക്തധാര: ലഹരിമുക്ത ക്യാമ്പസ്' നാടകാവതരണം അരങ്ങേറിയത്. ജില്ലയിലെ കോളേജുകളില്‍ നിന്നുള്ള എന്‍.എസ്.എസ്, എന്‍.സി.സി യൂണിറ്റുകളും പരിപാടിയില്‍ പങ്കാളികളായി.

ലഹരിമുക്ത കലാലയം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യുവാക്കളോടും വിദ്യാര്‍ത്ഥികളോടും നേരിട്ട് സംവദിക്കുന്ന നാടകമാണ് സ്‌കൂള്‍ ഓഫ് ഡ്രാമ ഒരുക്കിയ 'മുക്തധാര'യെന്ന് മന്ത്രി പറഞ്ഞു. നന്മയിലേക്കുള്ള വഴി എന്ന അര്‍ത്ഥത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന്റെ 'മുക്തധാര' എന്ന നാടകത്തിന്റെ പേര് ഉപയോഗിച്ചിരിക്കുന്നത്. സ്‌കൂള്‍ ഓഫ് ഡ്രാമ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തിന്റെ അവതരണസംഘത്തിലുള്ളത്. സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യാപികയായ ഡോ. എം.എസ് സുരഭിയാണ് നാടകത്തിന്റെ രൂപകല്‍പനയും സംവിധാനവും ഏകോപനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

date