Skip to main content

പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കണം:  ജില്ലാ വികസന സമിതി യോഗം : 

 

നടപ്പ് സാമ്പത്തിക വർഷത്തിൽ വിവിധ വകുപ്പുകൾക്ക് അനുവദിച്ചിരിക്കുന്ന പദ്ധതികൾ യഥാസമയം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. പദ്ധതി നിർവഹണത്തിൽ പിന്നിൽ നിൽക്കുന്ന വകുപ്പുകൾ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ജനറം പ്രോജക്ട് കൊച്ചി ഡിവിഷൻ,  എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസ് കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി, എസ്.ടി, പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എറണാകുളം,  യൂണിവേഴ്സിറ്റി ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ അങ്കമാലി, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.വി.ഐ.പി ഇറിഗേഷൻ മുവാറ്റുപുഴ സർക്കിൾ, എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ഡബ്ല്യൂ.ഡി ബിൽഡിംഗ്‌സ് എറണാകുളം, എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എച്ച് ഡിവിഷൻ വാട്ടർ അതോറിറ്റി കൊച്ചി ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഐ.ഐ.പി ഡിവിഷൻ 1, എക്സിക്യൂട്ടീവ് എഞ്ചിനീയർ മൈനർ ഇറിഗേഷൻ എന്നീ ഓഫീസുകൾ നൂറു ശതമാനം തുക വിനിയോഗിച്ചു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ ആലുവ, എക്സിക്യൂട്ടീവ് എഞ്ചിനീയർ വാട്ടർ അതോറിറ്റി പ്രൊജക്റ്റ്‌ ഡിവിഷൻ പെരുമ്പാവൂർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ വാട്ടർ അതോറിറ്റി വാട്ടർ ഡിവിഷൻ എറണാകുളം, എക്സിക്യൂട്ടീവ് എഞ്ചിനീയർ വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ മുവാറ്റുപുഴ, എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ഡബ്ല്യൂ.ഡി റോഡ്സ് തൃക്കാക്കര ഡിവിഷൻ, യൂണിവേഴ്സിറ്റി ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കൊച്ചി, എക്സിക്യൂട്ടീവ് എഞ്ചിനീയർ മേജർ ഇറിഗേഷൻ എറണാകുളം, അസിസ്റ്റന്റ് കൺസർവേറ്റർ ഫോറസ്റ്റ് ആൻഡ് നാച്ചുറൽ സ്റ്റഡീസ് എറണാകുളം, എന്നിവർ 99 ശതമാനത്തിലധികം തുക വിനിയോഗിച്ചു.

കോതമംഗലം താലൂക്കിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി സൃഷ്ടിക്കുന്ന ചുള്ളിക്കൊമ്പനെ നിയന്ത്രിക്കാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ആന്റണി ജോൺ എം. എൽ.എ ആവശ്യപ്പെട്ടു. ആനയെ ട്രാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്നാർ വനം ഡിവിഷന് കീഴിൽ വരുന്ന നീണ്ടപാറ, ചെമ്പങ്കുഴി, നേര്യമംഗലം ഭാഗങ്ങളിൽ വന്യ ജീവികളെ നിയന്ത്രിക്കുന്നതിനായി ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കുകയും വാച്ചർമാരെ നിയോഗിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടമ്പുഴ ഭാഗത്തെ ജലവിതാന സംവിധാനം വന്യ മൃഗങ്ങൾ നശിപ്പിക്കാതിരിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്ടിന്റെ ഭാഗമായുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹക്കണം. തങ്കളം - കാക്കനാട്, കൊച്ചി -മൂന്നാർ റോഡുകളുടെയും പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പാലത്തിന്റെയും നിർമാണം വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുന്നത്തുനാട് താലൂക്കിൽ പെരിയാർ വാലി കനാലിനോട് ചേർന്ന് താമസിക്കുന്നവരുടെ പട്ടയങ്ങൾക്കായുളള അപേക്ഷകളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പൊതുമരാമത്ത്, പെരിയാർ വാലി കനാൽ, റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്ത യോഗം ചേരണമെന്ന് പി.വി ശ്രീനിജിൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. ചിത്രപ്പുഴ - ബി.പി.സി.എൽ റോഡിൽ ഇരുവശവും ടാങ്കർ ലോറികളുടെ അനധികൃത പാർക്കിംഗ് മൂലം അപകടങ്ങൾ വർധിക്കുന്നുണ്ട്.  ആലുവ - മൂന്നാർ റോഡ് അലൈൻമെന്റ് സംബന്ധിച്ച പരാതികൾ, മുടങ്ങിപ്പോയ കെ.എസ്.ആർ.ടി.സി സർവീസുകൾ പുന:സ്ഥാപിക്കൽ,  കിൻഫ്ര ആലുവയിൽ നിന്നും വെള്ളം കൊണ്ടു പോകുന്ന പദ്ധതിയിലുള്ള അപാകത, പൂതൃക്ക പൊതു ശ്മശാനം ഉദ്ഘാടനം, കിഴക്കമ്പലം ബസ് സ്റ്റാന്‍റിൽ ബസുകൾക്ക് പ്രവേശനം നൽകൽ, വിലങ്ങ് സ്കൂളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുളള തടസം തുടങ്ങിയവയും എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു.

വൈപ്പിൻ മണ്ഡലത്തിലെ അണിയൽ കടപ്പുറത്തിന് സമീപമുള്ള റോഡിലെ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ  ആവശ്യപ്പെട്ടു.  നായരമ്പലം പഞ്ചായത്തിലെ പഴയ പാലം പൊളിക്കുന്ന പ്രവർത്തികൾ വേഗത്തിലാക്കണം. ജിഡ നിർമിക്കുന്ന ഞാറക്കൽ കുടിവെള്ള പദ്ധതിയുടെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും താലൂക്ക് ആശുപത്രിയിലെ അഗ്നി രക്ഷാ സംവിധാനം ഉടൻ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈപ്പിൻ, ഞാറക്കൽ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ നിർദേശിച്ചു.

ട്രാവൻകൂര്‍ റയോണ്‍സിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വ്യവസായ പാർക്ക്‌ ഉൾപ്പടെയുള്ളവ സ്ഥാപിക്കാനുള്ള സാധ്യത പരിഗണിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടു. പെരുമ്പാവൂർ-കൂവപ്പടി, മലയോര ഹൈവേ, ആലുവ -മൂന്നാർ റോഡുകളുടെ പുറമ്പോക്ക് തിട്ടപ്പെടുത്തുന്നയത്തിനായി സർവ്വേ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ ജീവനക്കാർ ബി.പി.എൽ, എ.എ.വൈ കാർഡുകൾ കൈവശം വെച്ചിട്ടില്ല എന്നുറപ്പിക്കുന്നതിനായി റേഷൻ കാർഡുകൾ അതതു സ്ഥാപനങ്ങളിൽ ഹാജരാക്കി മേധാവികളെ ബോധ്യപ്പെടുത്തണമെന്ന് കളക്ടർ അറിയിച്ചു. ജീവനക്കാര്‍ ബി.പി.എല്‍, എ.എ.വൈ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരുടെ വിവരങ്ങൾ ഓഫീസ് മേധാവികൾ സപ്ലൈ ഓഫീസിനു കൈമാറണമെന്നും നിർദേശം നൽകി.

ജില്ലാ പ്ലാനിങ് ഓഫീസർ പി.എ ഫാത്തിമ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date