Skip to main content

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി ആമ്പല്ലൂർ പഞ്ചായത്ത്

 

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടിയുമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്.  ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ഭക്ഷ്യവസ്തുക്കൾ നിർമ്മാണം നടത്തുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കും.  പഞ്ചായത്തിൽ ചേർന്ന ആലോചന യോഗത്തിലാണ് നടപടികൾ കർശനമാക്കാൻ തീരുമാനമായത്.

ആമ്പല്ലൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പഴകിയ ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനും മലിനമായ ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ലൈസൻസില്ലാതെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ നിർദ്ദേശം നൽകി.

വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങൾ ഉപയോഗിച്ചും ഭക്ഷണം തയാറാക്കുന്നതും പഴകിയവ ഉപയോഗിക്കുന്നതും പഞ്ചായത്ത് പരിധിയിൽ അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് പറഞ്ഞു. വൈസ് പ്രസിഡൻ്റ് ജയശ്രീ പത്മാകരൻ, സ്ഥിരം സമിതി ചെയർമാൻമാരായ പി ജെ ബിനു, എം എം ബഷീർ, ജലജ മണിയപ്പൻ, കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഡോക്ടർ ദീപ, പഞ്ചായത്ത് സെക്രട്ടറി കെ ടി സന്തോഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

date