Skip to main content
മാലിന്യ സംസ്കരണ മണ്ഡലം തല യോഗം: ഒല്ലൂക്കര ബ്ലോക്ക് ഹാൾ - കെ രാജൻ

മാലിന്യമുക്ത കേരളത്തിനായി എല്ലാ വകുപ്പുകളും ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കും: മന്ത്രി കെ രാജൻ

മാലിന്യമുക്ത കേരളം പദ്ധതിയുടെയും മഴക്കാലപൂർവ്വ മുന്നൊരുക്കത്തിന്റെയും ഭാഗമായി എല്ലാ വകുപ്പുകളും ചേർന്നുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഒല്ലൂർ നിയോജക മണ്ഡലത്തിലെ മാലിന്യമുക്ത കേരളം പദ്ധതിയുടെയും മഴക്കാലപൂർവ്വ മുന്നൊരുക്കത്തിന്റെയും ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും അടിയന്തര യോഗം ചേരണമെന്നും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ ശുചിത്വ സമിതി ചേർന്ന് ശുചീകരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. ചിരട്ടകളിൽ പോലും വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കിണറുകളിലെ ക്ലോറിനേഷൻ ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഡുകളിലെ ശുചിത്വ സമിതികളുടെ പ്രവർത്തനത്തിന് ഫണ്ട് ഉറപ്പു വരുത്തണം. മാലിന്യനിർമാർജ്ജനത്തിന് വേണ്ട പടപടികൾ സ്വീകരിക്കണം. ശുദ്ധജലം ഉറപ്പാക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് എലിപ്പനി ഉൾപ്പെടെയുള്ളവയ്ക്ക് പ്രതിരോധ മരുന്നുകൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

പി ഡബ്ലിയു ഡി, എൽ എസ് ജി ഡി വകുപ്പുകൾ കാനകൾ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണം. കൃഷി വകുപ്പ് കൃഷിയിടങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കണം. വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകണം.

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളുള്ള സ്ഥലങ്ങൾ ലേബർ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തിരമായി കണ്ടെത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യണം. ആവശ്യമെങ്കിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കണം. പൊതുയിടങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമമുണ്ടായാൽ പൊലീസ് നടപടിയെടുക്കണമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.

യോഗത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,  മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date