Skip to main content

17 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

 

മാലിന്യ സംസ്കരണത്തിനായി 13.41 കോടിയുടെ രൂപയുടെ പദ്ധതികൾ 

ജില്ലയിലെ 17 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്പിൽ ഓവർ  ഉൾപ്പെടുത്തിയുള്ള വാർഷിക പദ്ധതി ഭേദഗതിക്ക്  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തിൽ ചേർന്ന ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം.

17 ഗ്രാമപഞ്ചായത്തുകളുടെ  സ്പിൽ ഓവർ  ഉൾപ്പെടുത്തിയുള്ള വാർഷികപദ്ധതിക്കാണ് അംഗീകാരം നൽകിയത്. ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 209 പദ്ധതികൾക്ക് അംഗീകാരം നൽകി. 13,41,64,174 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. 

ജൂൺ ആറിന് ചേർന്ന ആസൂത്രണ സമിതി യോഗത്തിൽ 84 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 1,078 പ്രോജക്ടുകളിലായി  157 കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരം നൽകി.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാ പഞ്ചായത്തുകളും ഏറ്റവും മികച്ച രീതിയിൽ ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് പറഞ്ഞു.   പ്രാദേശികമായി തന്നെ ജൈവ, അജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാൻ നടപടികൾ സ്വീകരിക്കണം.

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ  ഭിന്നശേഷി സ്കോളർഷിപ്പ് എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കാൻ ഐ.സി.ഡി.എസ് ഓഫീസറെ യോഗം ചുമതലപ്പെടുത്തി.

 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ആസൂത്രണ സമിതി അംഗങ്ങളായ ശാരദ മോഹൻ, ദീപു കുഞ്ഞുകുട്ടി, ഷൈമി വർഗീസ്, എ. എസ് അനിൽ കുമാർ, റീത്താ പോൾ, ജമാൽ മണക്കാടൻ, മേഴ്സി ടീച്ചർ, ടി. വി പ്രദീഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എം.പി അനിൽ കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ,  സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date