തീരദേശ പരിപാലന പ്ലാന്‍ കരട്- 2019 പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചു
2019 ലെ തീരദേശ പരിപാലന നിയമപ്രകാരം (സി.ആര്‍.ഇസഡ്) നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍.സി.ഇ.എസ്.എസ്.) തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാന്‍ 2019-ന്റെ കരടിന്മേല്‍ നിര്‍ദ്ദേശങ്ങളും പരാതികളും തീര പരിപാലന അതോറിട്ടി അംഗങ്ങള്‍ നേരിട്ട് ശേഖരിച്ചു. നഗരസഭാ ടൗണ്‍ഹാളിലാണ് ഹിയറിങ് സംഘടിപ്പിച്ചത്. പൊതുജനങ്ങള്‍ക്കുള്ള പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പബ്ലിക് ഹിയറിങില്‍ നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കുന്നതിന് അവസരം ഒരുക്കിയിരുന്നു. തീര പരിപാലന അതോറിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ആലപ്പുഴയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനവാസ കേന്ദ്രങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച എ.എം.ആരിഫ് എം.പി. സമിതിയംഗങ്ങളോട് ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും പരിധിയില്‍ നിന്ന് ഒഴിവാക്കണം. പല അനുമതികളും ലഭിക്കാന്‍ കാലതാമസം എടുക്കുന്നതിനാല്‍ അതോറിറ്റി നടപടിക്രമങ്ങളും അനുമതികളും നല്‍കുന്നത് വേഗത്തിലാക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. ആക്ടില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് അപ്പപ്പോള്‍ എം.പിമാരെ അറിയിക്കാനും അതുവഴി പാര്‍ലമെന്റില്‍ ഇടപെടല്‍ നടത്താനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര നിയമം വരുമ്പോള്‍ ഉണ്ടാകുന്ന ജനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരമാവധി അനുഭാവ പൂര്‍ണമായ തീരുമാനം കൈക്കൊള്ളാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. പറഞ്ഞു. ജനങ്ങളെ കേള്‍ക്കാന്‍ തീരുമാനിച്ചതുതന്നെ വളരെ നല്ല കാര്യമാണ്. യു.എ. നമ്പര്‍(അനധികൃത കെട്ടിടം) സംബന്ധിച്ച കാര്യത്തില്‍ അനുഭാവ പൂര്‍ണമായ തീരുമാനം കൈക്കൊള്ളുമെന്ന അറിയിപ്പ് ഏറെ സന്തോഷകരമാണെന്ന് എം.എല്‍.എ. പറഞ്ഞു. അതോറിട്ടിയുടെ ഭാഗത്തുനിന്നുള്ള കാലതാമസം ലൈഫ് മിഷന്‍ വീട് അനുവദിക്കുന്നതിനെ വരെ ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ പ്രാദേശിക നേതാക്കള്‍, പഞ്ചായത്ത് മുനിസിപ്പല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഹിയറിങ്ങില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി. ജില്ലയിലെ നാല് നഗരസഭകളും 32 പഞ്ചായത്തുകളുമാണ് തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെടുന്നത്. രേഖാമൂലം 5000 പരാതികള്‍ ലഭിച്ചു. ഹിയറിങില്‍ 1555 പേര്‍ പങ്കെടുത്തു. കെ.സി.ഇസെഡ്.എം.എ. മെമ്പര്‍ സെക്രട്ടറി സുനില്‍ പമിദി, അംഗങ്ങളായ ഡോ. രവിചന്ദ്രന്‍, സത്യന്‍ മേപ്പയ്യൂര്‍, ഡോ. റിച്ചാര്‍ഡ് സക്കറിയ, അമൃത സതീശന്‍, ജോയിന്റ് സെക്രട്ടറി പി.സി. സാബു, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.എഫ്. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments