ആയുഷ്മാൻ ഭവ: സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ സെപ്റ്റംബർ 23 മുതൽ ശനിയാഴ്ചകളിൽ
വിവിധ ആരോഗ്യസേവനങ്ങളിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ്മാൻ ഭവ ക്യാംപയിന്റെ ഭാഗമായി ഗവ. മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നേത്യത്വത്തിൽ സെപ്തംബർ 23 ന് മാലിപ്പുറം സാമൂഹികരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. തുടർന്നുള്ള ശനിയാഴ്ചകളിലും ക്യാമ്പുകൾ വിവിധ സി എച്ച് സി കളിലായി സംഘടിപ്പിക്കും. ക്യാമ്പുകളിൽ ഗൈനക്കോളജി, ശിശുരോഗം, സർജറി, ഇ.എൻ.റ്റി, നേത്രരോഗം, മനോരോഗം തുടങ്ങിയ സ്പെഷ്യലിറ്റി ഡോക്ടർമാർ പങ്കെടുക്കും. ഇതേ ദിവസങ്ങളിൽ ജനകീയ ആരോഗ്യകേന്ദ്രം, പ്രാഥമികആരോഗ്യകേന്ദ്രം, നഗര ആരോഗ്യ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ജീവിതശൈലി രോഗ നിർണ്ണയ സൌകര്യവും, ചികിത്സയും സംഘടിപ്പിക്കും.
ഗ്രാമ- നഗര പ്രദേശങ്ങളിലെ ജനതയുടെ മെച്ചപ്പെട്ട ആരോഗ്യ സ്ഥിതി ലക്ഷ്യമാക്കിക്കൊണ്ട് വിവിധ ആരോഗ്യ സംരക്ഷണ പദ്ധതികൾ കേന്ദ്ര-കേരള സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നുണ്ട്.
ഓരോ പദ്ധതിയും അത് ലക്ഷ്യമിടുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്ന നിലയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രതിവാര ആരോഗ്യമേളയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സി രോഹിണി അഭ്യർത്ഥിച്ചു.
- Log in to post comments