Skip to main content
തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളില്‍ ആരംഭിച്ച സ്‌കൂള്‍ ശാസ്ത്രപാര്‍ക്കിന്റെയും ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുന്ന ജോയ്സ് ജോര്‍ജ് എം പി

സ്‌കൂള്‍ ശാസ്ത്രപാര്‍ക്കിന്റെയും ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിന്റെയും ജില്ലാതല ഉദ്ഘാടനം നടന്നു

 

ഇടുക്കി ജില്ലയിലെ സ്‌കൂളുകളില്‍ ആരംഭിക്കുന്ന ശാസ്ത്ര പാര്‍ക്കിന്റെയും ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിന്റെയും ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡയറ്റ് ലാബ് യു പി സ്‌കൂളില്‍  ജോയ്സ് ജോര്‍ജ് എം പി  നിര്‍വഹിച്ചു. പരിമിതമായ സാമ്പത്തിക സഹായത്തില്‍ നിന്നുകൊണ്ട് മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെയ്ക്കുവാന്‍ ഇത്തരം പൊതുവിദ്യാഭ്യാസ യജ്ഞത്തിനു കഴിയുമെന്നും ഇവ പരിമിതികള്‍ നേരിടുന്ന കുട്ടികളെ പോലും മത്സരസജ്ജരാക്കുകയും സമൂഹത്തിന്റെ മുന്‍ നിരയില്‍ ജയിച്ചുകൊണ്ട് മുന്നേറുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

'ഞങ്ങള്‍ ശാസ്ത്രത്തോടൊപ്പം ' എന്ന വര്‍ത്തമാനകാല മുദ്രാവാക്യം ഏറ്റെടുക്കുന്ന സയന്‍സ് പാര്‍ക്ക് കുട്ടികളിലെ ശാസ്ത്ര പഠന മുന്നേറ്റം ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഒന്നാണ്.ഒരു വിദ്യാലയത്തിന് 30000 രൂപ എന്ന നിലയില്‍ നല്‍കി  70 ശാസ്ത്ര ഉപകരണം ഉള്‍പ്പെടുത്തിയാണ് ഇത്  ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ 60 വിദ്യാലയങ്ങളിലാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നത്. അന്വേഷണ താല്പര്യം വളര്‍ത്തുക, ശാസ്ത്ര സര്‍ഗാത്മകത വളര്‍ത്തുക, ശാസ്ത്ര തത്വങ്ങള്‍ പ്രായോഗികമായി മനസിലാക്കുക തുടങ്ങിയവയാണ് സയന്‍സ് പാര്‍ക്ക് ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. പ്രൈമറി മുതല്‍ സെക്കണ്ടറി തലം വരെയുള്ള ശാസ്ത്രാശയങ്ങളെ ചാക്രികമായി കോര്‍ത്തിണക്കിയ ശാസ്ത്ര കൗതുകങ്ങളുടെ പരമ്പരയാണ് സയന്‍സ് പാര്‍ക്ക്. മുഴുവന്‍ ശാസ്ത്രാശയങ്ങളുടെയും ചലനം, കാന്തം, വൈദ്യുതി, പ്രകാശം, ജ്യോതിശാസ്ത്രം, മര്‍ദ്ദം, താപം, ജീവശാസ്ത്രം, രസതന്ത്രം എന്നിങ്ങനെ 9 മേഖലകളായി തിരിച്ച് ശാസ്ത്രാശയങ്ങളെ കൗതുകരൂപേണയുള്ള അവതരണരീതിയാണ് ശാസ്ത്ര പാര്‍ക്കുകള്‍ പ്രസക്തമാകുന്നത്. സങ്കീര്‍ണമായ ശാസ്ത്രാശയങ്ങളെപോലും താല്പര്യപൂര്‍വം അന്വേഷിച്ചറിയാന്‍ സയന്‍സ് പാര്‍ക്ക് ഉപകരിക്കും.

 

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് ഭാഷ ബോധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ഒരേ സമയം 20 അധ്യാപകര്‍ക്ക് പഠിക്കുവാന്‍ കഴിയുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഉച്ചാരണശുദ്ധി വര്‍ദ്ധിപ്പിക്കുവാനും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുവാനും ഇതിലൂടെ അദ്യാപകര്‍ക്ക് കഴിയുന്നതിലൂടെ ക്ലാസ്സ്മുറികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ലഭിക്കുന്നതിനും സാധ്യമാകും.

 

സമഗ്ര ശിക്ഷ കേരളം അഡിഷണല്‍ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ അനില ജോര്‍ജ്, ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ജോര്‍ജ് ഇഗ്നേഷ്യസ്, ഇടുക്കി ഡയറ്റ് പ്രിന്‍സിപ്പല്‍ കെ രാധാകൃഷ്ണന്‍, തൊടുപുഴ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മല ഷാജി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ എ ബിനുമോന്‍, കോണ്‍സിലര്‍ പി കെ ഷാഹുല്‍ ഹമീദ്, കെ എസ് ടി എ ജില്ലാ സെക്രട്ടറി എ എം ഷാജഹാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. 

date