ചെറുതുരുത്തി പഞ്ചകർമ്മ ആയുർവേദ ആശുപത്രി ലീസ് തുക വർദ്ധിപ്പിക്കില്ലെന്ന് മന്ത്രിസഭായോഗ തീരുമാനം
ചെറുതുരുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകർമ്മ ആശുപത്രി സ്ഥിതിചെയ്യുന്ന ഭൂമിയുടെ പാട്ട നിരക്ക് ആർ ഒന്നിനു നൂറു രൂപ നിരക്കിൽ 25 വർഷത്തേക്ക് കൂടി പുതുക്കി നൽകുവാൻ സർക്കാർ തീരുമാനിച്ചതായി യു.ആർ പ്രദീപ് എം.എൽ.എ പറഞ്ഞു.
ചെറുതുരുത്തി വില്ലേജിലെ 5.95 ഏക്കർ സ്ഥലത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. 1971 ജൂൺ ഒന്നിന് ആണ് കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ള സെന്റർ കൌൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക്ക് സയൻസിന്റെ ഒരു യൂണിറ്റായിട്ടാണ് പഞ്ചകർമ്മ ആയുർവേദ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത് . 1996 മുതൽ 2021 വരെ ആർ ഒന്നിന് ഇരുന്നൂറ് രൂപയായിരുന്നു പാട്ട നിരക്ക്. ഇത് പഞ്ചായത്ത് ഏരിയയിൽ എയ്ഡഡ് സ്ഥാപനങ്ങൾക്ക് ഈടാക്കുന്ന പാട്ടനിരക്കിൽ ഉൾപ്പെടുത്തി ആശുപത്രിയുടെ 5.95 ഏക്കർ സ്ഥലത്തിന് 50,36,160 രൂപയായി ഉയർത്തി ലാന്റ് റവന്യു കമ്മീഷണർ 2021-ൽ ഉത്തരവാകുകയായിരുന്നു. ഈ ഭീമമായ പാട്ട തുക ആശുപത്രിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഉയർന്നനിരക്കാണ് എന്ന് പരക്കെ ആക്ഷേപമുയർന്നതിനെ തുടർന്ന് പഞ്ചകർമ്മ ആശുപത്രി അധികൃതർ എം.എൽഎ യുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നു.
ഇതിനെ തുടർന്ന് യു.ആർ പ്രദീപ് എം.എൽ എ പ്രശ്നത്തിൽ ഇടപ്പെട്ട് ഇത് എയ്ഡഡ് സ്ഥാപനമയി കാണാൻ കഴിയില്ലെന്നും കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ളതും, അതിലുപരി പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിലും, മുതിർന്ന പൗരന്മാർക്ക് 40 ശതമാനം കിഴിവിലും ചികിത്സ നൽകുന്ന സഥാപനമാണെന്നും അതുകൊണ്ട് തന്നെ പാട്ട നിരക്ക് വർദ്ധിപ്പിച്ച നടപടി പുനപരിശോധിക്കാൻ നടപടിയുണ്ടാകണം എന്ന് കാണിച്ച് റവന്യു, ധനകാര്യ, ആരോഗ്യവകുപ്പ് മന്ത്രിമാർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർനടപടിയായിട്ടാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ആശുപത്രിയുടെ പാട്ടനിരക്ക് കുറച്ചുകൊണ്ട് തീരുമാനമായത്.
- Log in to post comments