മായമില്ലാത്ത മത്സ്യങ്ങൾ തയ്യാർ; മത്സ്യഫെഡ് ഫിഷ്മാർട്ടിലൂടെ
രാസപദാർത്ഥങ്ങൾ കലർത്താത്ത ശുദ്ധമായ മത്സ്യങ്ങളുമായി ജില്ലയിൽ സജീവമാകാമൊരുങ്ങി മത്സ്യഫെഡ് ഫിഷ്മാർട്ടുകൾ. സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി 'ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ഫിഷ്മാർട്ട്' ലക്ഷ്യത്തിന്റെ ഭാഗമായി മയ്യിൽ പഞ്ചായത്തിലെ ചെക്യാട്ട്കാവിൽ ജില്ലയിലെ രണ്ടാമത്തെ ഫിഷ്മാർട്ട് പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുകയാണ്.
മത്സ്യത്തിന്റെയും മത്സ്യ ഉൽപന്നങ്ങളുടെയും ശുചിത്വം, ഗുണമേന്മ, വൈവിദ്ധ്യം എന്നിവയാണ് ഫിഷ്മാർട്ടിൽ ലഭിക്കുന്ന മൽസ്യങ്ങളുടെ പ്രത്യേകത. ജില്ലയിലെ വിവിധ ഫിഷ് ലാൻഡിംഗ് സെന്ററുകൾ, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ നിന്നും മത്സ്യഫെഡ് ആയിക്കര മാപ്പിള ബേ ഹാർബറിൽ സജ്ജമാക്കിയ ബേസ് സ്റ്റേഷൻ നേരിട്ട് സംഭരിക്കുന്ന വൈവിധ്യങ്ങളായ മത്സ്യ ഇനങ്ങളാണ് ഇത്തരം മാർട്ടുകളിലൂടെ വിപണനം നടത്തുന്നത്. കടൽ, കായൽ മത്സ്യങ്ങൾക്ക് പുറമെ മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് ആൻഡ് ഫ്രീസിങ് പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ചെമ്മീൻ, ചൂര, ഓല, കൂന്തൾ എന്നീ മത്സ്യങ്ങളുടെ അച്ചാറുകൾ, മത്സ്യ കറിക്കൂട്ടുകൾ, ഫ്രൈ മസാല, ചെമ്മീൻ ചമ്മന്തിപ്പൊടി, ചെമ്മീൻ റോസ്റ്റ് തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളും കൊളസ്ട്രോൾ കുറക്കുന്നതിനായി മത്സ്യഫെഡ് ഉൽപ്പാദിപ്പിച്ചു വിതരണം ചെയ്യുന്ന കൈറ്റോൺ ക്യാപ്സ്യൂളുകളും മാർട്ടിൽ ലഭ്യമാണ്. ഏതിനം മത്സ്യവും ഉപഭോക്താവിന് വെട്ടി വൃത്തിയാക്കി നൽകുവാനുള്ള സൗകര്യവും ഇവിടെയുണ്ട്.
വിഷരഹിത മത്സ്യം ഉപഭോക്താവിന് ലഭിക്കുന്നതിനോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നതും പദ്ധതിയുടെ നേട്ടമാണ്. മത്സ്യഫെഡിന്റെ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങൾക്കായിരിക്കും ഫിഷ് മാർട്ടിന്റെ നടത്തിപ്പ് ചുമതല. നിലവിൽ ആന്തൂർ നഗരസഭയിലെ ധർമശാലയിലാണ് ജില്ലയിലെ ഏക ഫിഷ്മാർട്ട് പ്രവർത്തിക്കുന്നത്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലേക്കും ഫിഷ് മാർട്ട് വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പടുത്തുകയാണ് ഫിഷറീസ് വകുപ്പ്.
- Log in to post comments